സഹതടവുകാരുമായി ഒരു യാത്രക്ക് ഇറങ്ങിയതാണ്. തടവുകാർ എന്ന് പറയുമ്പോൾ എന്നെ പോലെ തന്നെ ഓഫീസ് ക്യാബിൻ ചുവരുകൾക്കുള്ളിൽ ജീവിതം തടവിലാക്കപ്പെട്ട 40 കഴിഞ്ഞ മൂന്നുപേർ കൂടി. ജോലി ചെയ്തു മടുത്തു സ്ഥലകാല ബോധം ഇല്ലാതായ അവരുടെ ജീവിതം കണ്ടാണ് യാത്രയ്ക്ക് കൂടെ കൂട്ടിയത്. പക്ഷെ വേദനയോടെ ആ സത്യം ഞാൻ മനസിലാക്കി, ഇപ്പോഴും അവർ ജോലി ചെയ്യുകയാണ്. കാറിനുള്ളിൽ അവരുടെ സംസാരം ഇപ്പോഴും ഓഫീസിലെ ചെറിയ ചെറിയ വിഷയങ്ങൾ ആണ്. ആ ഓഫീസിന് പുറത്ത് ആർക്കും താല്പര്യം ഇല്ലാത്ത, ആരെയും ബാധിക്കാത്ത ചില വിഷയങ്ങൾ. അവിടം വിട്ടു പോന്നെങ്കിലും അതൊക്കെ ഇപ്പോഴും ഒരു ബാധയെപ്പോലെ കൂടെ കൂടിയിട്ടുണ്ട്. ഇരുളിൽ മഞ്ഞ വെളിച്ചം പെയ്യുന്ന റോഡിൽ , ചലിക്കുന്ന ഒരു ഓഫീസ് കെട്ടിടം പോലെ ആ കാർ മുന്നോട്ടു നീങ്ങി. കോടമഞ്ഞു കണ്ടപ്പോൾ ടാർഗറ്റ് മുട്ടിയില്ല എന്ന് പറയുന്നത് കേട്ടു. വെള്ളച്ചാട്ടം കണ്ടപ്പോൾ ഇന്ക്രിമെന്റ് ആയി വിഷയം. ഇപ്പോൾ മടക്ക യാത്രയിൽ അടുത്ത മീറ്റിങ് ആണ് വിഷയം. വാഹനം ഓടിക്കുന്നത് ഞാൻ അല്ലാത്തതിനാൽ വഴിവിളക്കുകൾ പാതയിൽ വരയ്ക്കുന്ന നിഴൽ ചിത്രങ്ങളെ നോക്കി ഞാൻ ഇരുന്നു. നിശബ്ദത ഞാൻ വല്ലാത്ത കൊതിച്ചുപോയ സമയം. എന്തിൽനിന്ന് മാറി നിൽക്ക...