ഇല്ലത്തമ്മ

പുലപ്പേടി ഉള്ള കര്‍ക്കിടകത്തിലെ ഒരു രാത്രി ഇല്ലത്തമ്മ പുറത്തിറങ്ങി നില്‍ക്കുകയാണ്. നല്ല കുടുംബത്തില്‍ പിറന്ന ഒരു പെണ്ണും അന്ന് പുറത്തിറങ്ങില്ല. ഇരുളില്‍ അവളെ തൊടാനും കല്ലെടുത്തെറിയാനും പതിയിരിക്കുന്ന പുലയന്മ്മാരെ പേടിച്ച്.
അങ്ങനെ തൊട്ടാല്‍, ആ കല്ല്‌ ദേഹത്ത് കൊണ്ടാല്‍....തീര്‍ന്നു . ഒന്നുകില്‍ തറവാട്ടുകാരുടെ കൊലക്കത്തിക്ക് ഇരയാവാം, അല്ലെങ്കില്‍ ആ പുലയക്കൊടിയില്‍ പോയി അവന്‍റെ കൂടെ പൊറുക്കാം. പണ്ടൊരിക്കല്‍ ഇങ്ങനെ ഒരു രാത്രി ആശുദ്ധയാക്കപ്പെട്ട സാവിത്രി, ഒരു പുലയന്‍റെ ഭാര്യയായി കഴിയാനുള്ള മടികൊണ്ട് കുളത്തില്‍ ചാടി പ്രാണാഹുതി ചെയ്തത് അവള്‍ ഓര്‍ത്തു.


അവളുടെ നേര്‍ക്കും ഒരിക്കല്‍ അങ്ങനെ ഒരു താണജാതിക്കാരന്‍റെ കരങ്ങള്‍ നീണ്ടിരുന്നു. അന്നൊരു കര്‍ക്കിടക രാത്രി, എന്തോ അവള്‍ക്കു പുറത്തിറങ്ങി നടക്കാന്‍ തോന്നി. തീരെ പ്രതീക്ഷിക്കാതെ ഇരുളിന്‍റെ മറവില്‍ നിന്ന് അവന്‍ അവളെ തൊടാന്‍ ഓടിവന്നു. അവന്‍റെ ദൃഡപേശികള്‍ ഇപ്പോഴും അവള്‍ക്കു ഓര്‍മയുണ്ട് . അവള്‍ കണ്ട ആണ്‍ ശരീരങ്ങള്‍ അങ്ങനെ ആയിരുന്നില്ല. ഒരു നിമിഷം അവള്‍ അവനെ ആസ്വദിച്ചു.
പക്ഷെ അടുത്ത നിമിഷം അവള്‍ സ്വബോധം വീണ്ടെടുത്തു. അവള്‍ അവനെ രൂക്ഷമായി നോക്കി. പാറി കളിക്കുന്ന മുടിയിഴകളും കണ്ണില്‍ അഗ്നി വമിക്കുന്ന നോട്ടവുമായി ഒരു ഒത്ത സ്ത്രീ അവന്‍റെ മുന്നില്‍ അക്ഷോഭ്യയായി നില്‍ക്കുന്നു. അവന്‍ ഒന്നറച്ചു. അവളുടെ നോട്ടം അവനെ ഭയപ്പെടുത്തി. പിന്നെ പുലിക്കു മുന്നില്‍ പെട്ട പേടമാനിനെ പോലെ കണ്ണ് താഴ്ത്തി അവന്‍ ഓടിമറഞ്ഞു.
ഇന്ന് രാതി അവള്‍ ഒറ്റയ്ക്കാണ്. അസമയത്ത് സംബന്ധം കൂടാന്‍ വരുന്ന തമ്പുരാന്മാര്‍ ഇല്ല. മുറുക്കാന്‍ ചവയ്ക്കാന്‍ എന്ന കാരണം പറഞ്ഞു ശൃംഗാരം വമിക്കാന്‍ വരുന്ന വയസന്‍ കാമുകന്മാര്‍ ഇല്ല. അപ്പോള്‍ അവള്‍ ഭര്‍ത്താവിനെ കുറിച്ച് ഓര്‍ത്തു
ആദ്യകാലത്ത് പുള്ളിക്കാരന്‍ കനത്ത സവര്‍ണ്ണചിന്ത പുലര്‍ത്തിയിരുന്ന ആളായിരുന്നു.
പണ്ട് ഏതെങ്കിലും നായരച്ചിമാര്‍ കിണ്ടി കമിഴിയതറിഞ്ഞാല്‍ അവിടേക്ക് മാത്രം പോകുമായിരുന്നു സംബന്ധം കൂടാന്‍. എന്നാല്‍ ഇന്ന് എല്ലാ ജാതിക്കാരെയും സമഭാവനയോടെ കാണാന്‍ പഠിച്ചിരിക്കുന്നു തതന്‍റെ ഭര്‍ത്താവ്.
പകല്‍ കാണുമ്പോള്‍ ഇരുപതടി അകലെ അകറ്റി നിര്‍ത്തിയ തീണ്ടിക്കൂടാത്തവളുടെ കെട്ടിയവനെ രാത്രി വിളവിന് കാവല്‍ നില്ക്കാന്‍ പറഞ്ഞയച്ച തമ്പുരാന്‍ ഇന്ന് പോയിരിക്കുന്നത് ആ ചെറ്റക്കുടിലില്‍ സംബന്ധം കൂടാനാണ്. പുരോഗമന ചിന്താഗതി. ഒന്ന് കുളിച്ചാല്‍ മതിയല്ലോ അശുദ്ധി മാറാന്‍.
അങ്ങനെ ഓരോന്നാലോചിച്ച് അവള്‍ ആ മുറ്റത്ത് നില്ക്കുമ്പോള്‍ വളപ്പിലെ പ്ലാവിന്‍റെ മോളിലിരിക്കുന്ന കോരന്‍ അങ്കലാപ്പിലായിരുന്നു. പുരയിലെ കിടാങ്ങളുടെ കരച്ചില്‍ സഹിക്കാന്‍ വയ്യാതെ അവന്‍ രാത്രി ഇറങ്ങിയതാണ്. രണ്ടു വറ്റ് കഞ്ഞി ഉണ്ടാക്കാന്‍ പോലും പുരയില്‍ അരിയില്ല. വെള്ളം മാത്രമാണ് കുറച്ചു ദിവസമായി ആഹാരം. എന്നിട്ടും ഇവറ്റകള്‍ക്ക് കരയാന്‍ എവിടന്നാണ് ഇത്രയും ശബ്ദം ?
വിശപ്പ് കാഴ്ചയെ മറയ്ക്കാത്ത ഒരു നേരത്ത് മനയ്ക്കലെ പ്ലാവിലെ ചക്ക അവന്‍ കണ്ടിരുന്നു. ഇരുട്ടത്ത് വിശപ്പടക്കാന്‍ അത് കക്കാന്‍ വന്നു കയറിയതാണ് അവന്‍. ചക്ക അറുത്തു. പക്ഷെ പോകാന്‍ നിവർത്തിയില്ല. ഇല്ലത്തമ്മ മുറ്റത്ത് ഇറങ്ങി നില്ക്കുന്നു, അതും പുലപ്പേടിയുള്ള ഈ ദിവസം.
നാളെ ചക്ക മോഷ്ടിച്ചതറിഞ്ഞാല്‍ കിട്ടാന്‍ പോകുന്ന തല്ലിനെ കുറിച്ച് അവന്‍ ഓര്‍ത്തു. ഇന്നേവരെയുള്ള അടിച്ചമര്‍ത്തലുകള്‍ അവന്‍ ഓര്‍ത്തു. അവന്‍റെ കണ്ണില്‍ കണ്ണീരു പൊടിഞ്ഞു. ഈ ദിവസം ഈ സമയം , എല്ലാം കൂടി ഒത്തു വന്നത് ഒരുനിമിത്തം ആയിരിക്കും. അവന്‍ അത് മനസ്സില്‍ ഉറപ്പിച്ചു.
അരയില്‍ തിരുകിയ കത്തിയും ചുമലില്‍ ചക്കരുമായി അവന്‍ തമ്പുരാട്ടിക്കു നേരെ നടന്നു.
ഓര്‍മകളില്‍ നിന്ന് ഉണര്‍ന്ന അവള്‍ കണ്ടത് തന്‍റെ നേര്‍ക്ക്‌ നടന്നു വരുന്ന കോരന്‍റെ രൂപമാണ്. അവള്‍ ഒന്ന് ഭയന്നു. എന്നാല്‍ അവളുടെ ഉള്ളിലെ വികാരങ്ങള്‍ എല്ലാം മറയ്ക്കാന്‍ പഠിച്ചിട്ടുള്ള ആ മുഖം അതും മറയ്ക്കാന്‍ പ്രാപ്തമായിരുന്നു.
അവള്‍ അവനെ നോക്കി. അന്ന് വന്ന യുവാവിന്‍റെ ശരീരം പോലെ ധൃഡപേശികള്‍ അല്ല കോരനുള്ളത്. അവന്റെ ഇരുണ്ട തൊലിക്കടിയിലെ എല്ലുകള്‍ പലതും പുറത്ത് കാണാം. എന്നാലും അവള്‍ അവനെ തറപ്പിച്ചു നോക്കിയില്ല. അവളുടെ നോട്ടം മൃദുലമായിരുന്നു.
അവള്‍ അറിയാതെ അവളുടെ വലംകൈ അവന്‍റെ നേര്‍ക്ക്‌ നീണ്ടു. എന്തിലേക്കാണ് ഈ കൈ അവളെ വലിച്ചു കൊണ്ടുപോകുക എന്ന് അറിയാമെങ്കിലും അവള്‍ അങ്ങനെ തന്നെ നിന്നു.
അവളുടെ ഭാവമാറ്റം കോരനെ അത്ഭുതപ്പെടുത്താതിരുന്നില്ല. എങ്കിലും അവന്‍ അവളുടെ നേര്‍ക്കുള്ള നടപ്പ് തുടര്‍ന്നു . കോരന്‍ അവളുടെ മുന്നില്‍ പോയി നിന്ന് അവളെ ഒന്ന് അടിമുടി നോക്കി. ഇത്രയടുത്ത് ആദ്യമായാണ് അവന്‍ ഇല്ലത്തമ്മയെ കാണുന്നത്. നിലാവില്‍ അവളുടെ സൗന്ദര്യം പ്രകാശം പൊഴിക്കുന്നു.
ഇത്രയം നാളത്തെ വേദനയ്ക്ക് പകരം വെട്ടാന്‍ ഒരു നിമിഷം മതി. ഒരു സ്പര്‍ശനം. അവന്‍ അവളെ തൊടാന്‍ കൈ നീട്ടി. അവന്‍ ആ മുഖത്തേക്ക് ഒന്നുകൂടി നോക്കി. അതില്‍ എന്തോ ഒരു വശ്യതയും ദൈവീകതയും അവന്‍ ദര്‍ശിച്ചു . അവന്‍ തൊട്ടാലും ആശുധമാകാത്ത വിശുദ്ധി അവിളില്‍ ഉണ്ടന്ന് അവനു തോന്നി. അവന്‍റെ തോളിലെ ചക്ക താഴെ വീണു. അവന്‍ ഇരു കൈകളും ഉയര്‍ത്തി അവളെ തൊഴുത് അവിടെനിന്നും ഓടിപ്പോയി.
കാല്‍ക്കെഴില്‍‍ കിടക്കുന്ന ചക്കയും ചുറ്റുമുള്ള ഇരുട്ടും മാറി മാറി നോക്കി അവള്‍ സ്തബ്ധയായി നിന്നു. എന്താണ് സംഭവിച്ചത് എന്ന് ആലോചിച്ച അവളുടെ മനസില്‍ തോന്നിയത് തന്നോട് തന്നെ പുച്ഛമാണ്. കോരന്‍ കണ്ട വിശുദ്ധി അവള്‍ കണ്ടെത്തിയില്ല. ഒരു താണജാതിക്കാരന് പോലും തൊടാന്‍ തോന്നാത്ത തന്‍റെ ശരീരത്തെയോര്‍ത്ത് അവള്‍ക്ക് ലജ്ജ തോന്നി.

Comments

Post a Comment

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )