ആ ദിവസങ്ങളിൽ

ആ ദിവസങ്ങളിൽ രണ്ടാമത്തെ ദിവസം. ഭർത്താവും അമ്മയും TV കാണുന്നു. ഞാൻ അവിടെ ഇരുന്ന് ഇതൊക്കെ ആലോചിച്ചു കൂട്ടുന്നു.


ഞാൻ ഭർത്താവിനെ നോക്കി. എന്നെ നോക്കുന്നില്ല. എനിക്കാണെങ്കിൽ വയറും കാലും വേദനിച്ചിട്ടു വയ്യ. ഒന്ന് മസ്സാജ് ചെയ്തു തന്നാൽ നല്ല ആശ്വാസം കിട്ടും. ഞാൻ വീണ്ടും നോക്കി അപ്പോൾ എന്നെയും നോക്കി. ഞങ്ങൾ പിന്നെ ആംഗ്യ ഭാഷയിൽ സംസാരിച്ചു.
ഞാൻ : എന്റെ കാൽ ഒന്ന് മസ്സാജ് ചെയ്ത് താ..
എന്നെ കൊണ്ട് പറ്റാവുന്നതിൽ ഏറ്റവും ഓമനത്തം തോന്നിക്കുന്ന ഭാവത്തോടെ ആണ് ഞാൻ അത് ചോദിച്ചത്.
ഭർത്താവ് മറുപടി ഒരു നോട്ടത്തിലൂടെ പറഞ്ഞു "അമ്മ കാണും "
അമ്മ എന്നാൽ അങ്ങേരുടെ അമ്മ. സ്വന്തം മകൻ ഭാര്യയെ പരിചരിക്കുന്നത് അമ്മ കണ്ടാൽ എന്താ ?
കുറച്ചു കഴിഞ്ഞു അമ്മ എണീറ്റ് പോയി. കിടക്കാൻ ആണോ? മുറിയിൽ കയറി വാതിൽ അടക്കുന്നത് വരെ ഞാൻ നോക്കി നിന്നു. ഭാഗ്യം ഇനി വരില്ല.
ഞാൻ ഭർത്താവിനെ സ്നേഹത്തോടെ വിളിച്ചു. അപ്പോൾ TV യിൽ പരസ്യം.
ആ ദിവസങ്ങളിൽ പെൺകുട്ടികൾ ഫുട്ബോൾ കളിക്കുന്നു ഡാൻസ് കളിക്കുന്നു മല കയറുന്നു.. ഇത് കണ്ട ഭർത്താവ് എന്നെ ഒന്ന് നോക്കി.
"ഇത് കണ്ടോ" എന്ന അർത്ഥത്തിൽ.
എനിക്ക് ദേഷ്യം വന്നു.
"ഓരോ ഉടായിപ്പു പരസ്യം ഉണ്ടാക്കി വെച്ചിരിക്കുന്നു. ഇവിടെ എനിക്ക് അനങ്ങാൻ വയ്യ. ഒന്ന് എന്റെ കാലു പിടിച്ചു താ"
അപ്പോൾ പുള്ളിക്കാരൻ ഒന്ന് ചിരിച്ചു. നല്ല ചിരിയാണ്. ചിരിക്കുമ്പോൾ നല്ല ഭംഗിയാണ്. എനിക്ക് ആദ്യം അതാണ് ഇഷ്ടമായത്. അമ്മ എപ്പോഴും പറയും അവനു എപ്പോഴും ചിരിച്ചൂടെ നല്ല ഭംഗിയാണ് എന്ന്. പക്ഷെ വല്ലപ്പോഴുമെ ഇങ്ങനെ ചിരിച്ചു കാണാൻ ഉള്ളു.
ഞാൻ എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നത്. വെറുതെ ദേഷ്യം വരുന്നു.
"നിങ്ങൾ വരുന്നുണ്ടോ?. ആണുങ്ങൾക്ക് എന്ത് സുഖം ആണ്. ഇതൊന്നും അനുഭവിക്കണ്ടല്ലോ. എന്തും ആവാം "
അപ്പോൾ എന്നെ ഒന്ന് നോക്കി.
"എന്തും ആവാം?എങ്കിൽ ഞാൻ ലെ- ലഡാക് ബൈക്ക് റൈഡ് പോകട്ടെ? അവിടെ വരെ ട്രെയിനിൽ പോയി അവിടെ മാത്രമേ ബൈക്ക് റെന്റിന് എടുത്തു ഓടിക്കുന്നുള്ളൂ. നിന്റെ വീട്ടുകാര് സമ്മതിക്കുമോ? ഈ പറയുന്ന നീ സമ്മതിക്കുമോ?"
ഞാൻ സമ്മതിക്കില്ല എന്ന് എനിക്ക് അറിയാം. ഞാൻ ഒരു ചമ്മിയ ചിരി ചിരിച്ചു. പക്ഷെ എന്റെ വാദം തോറ്റപ്പോൾ എനിക്ക് വീണ്ടും ദേഷ്യം വന്നു.
ഭർത്താവ് തുടർന്നു "ഭാര്യക്ക് വയ്യെങ്കിൽ വീട്ടുകാരുടെ മുന്നിൽ വെച്ച് കാലിൽ പിടിക്കാൻ പോലും പറ്റുന്നില്ല. അവൻ ആണല്ലേ, ആണുങ്ങൾ അങ്ങനെ ചെയ്‌യാൻ പാടുമോ?"
അതെനിക്ക് സുഖിച്ചു.
ഞാൻ എന്താ ഇങ്ങനെ..!
"നല്ല വേദന അയതുകൊണ്ടാ.. ഒന്ന് വാടോ" ഞാൻ ഒന്ന് കെഞ്ചി നോക്കി.
"കഴിഞ്ഞ ആഴ്ച ഒരു ഡയലോഗ് കേട്ടല്ലോ. ഈ സമയത്ത് സ്ത്രീകളെ അമ്പലത്തിൽ കയറ്റണം എന്ന്. എന്തേ പോണില്ലേ.?"
എനിക്ക് വീണ്ടും ദേഷ്യം വന്നു. ഈ ദുഷ്ടൻ ഒരു മൂഡിൽ ഇരിക്കാൻ സമ്മതിക്കില്ല.ഒന്ന് സുഖിച്ചു വന്നപ്പോൾ വീണ്ടും ദേഷ്യം.
ദേഷ്യം വന്നാൽ പറഞ്ഞു ജയിക്കണം. IPL കാണുന്ന ദുഷ്ടൻ ഭർത്താവു കാലു പിടിച്ച് തരണം. എന്ത് പറയും ?
"ഗർഭിണി ആയാൽ അമ്പലത്തിൽ കയറാൻ പാടില്ല അല്ലെ? പ്രസവിച്ചു കുറച്ചു ദിവസത്തേക്കും അമ്പലത്തിൽ കയറാൻ പാടില്ല. അങ്ങനെ അല്ലേ?"
ഭർത്താവിന്റെ മുഖം വിടർന്നു. പ്രത്യാശയും സന്തോഷവും കൊണ്ട് ചുവന്നു. ഞാൻ പെട്ടന്ന് ഗർഭം പ്രസവം എന്നൊക്കെ പറഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു.
ആകാംഷയോടെ വായും പൊളിച്ചു എന്റെ ഭർത്താവ് ആരാഞ്ഞു " എടി, നീ.. pregnant ആണോ?"
"അതെ, അതോണ്ടാണല്ലോ എനിക്ക് ഇങ്ങനെ വന്നത്"
ഞാൻ ഇത് പറഞ്ഞിട്ട് മനസ്സിൽ പറഞ്ഞു "പോടാ മണ്ടാ"..
ഭർത്താവ് ചമ്മി. "പിന്നെ നീ എന്തിനാ ഇപ്പോ ഇത് പറഞ്ഞെ ?"
"അതോ? പറയാം" ഞാൻ ഒരു ബുജിയെ പോലെ തുടർന്നു.
"ഞങ്ങളെ അമ്പലത്തിൽ കയറ്റാത്തത് ഞങ്ങൾ അശുദ്ധ ആവുമ്പോൾ ആണ്. ഞങ്ങൾ എപ്പോഴാ അശുദ്ധ ആവുന്നത്?"
എപ്പഴാ?
"ആണുങ്ങൾക്ക് ഉപയോഗം ഇല്ലാത്തപ്പോൾ"
അത് കുറിക്കു കൊണ്ടു. ഭർത്താവ് നിശബ്ദനായി.ഒരു നിമിഷം ആലോചിച്ചു. അത് ശേരിയാണല്ലോ എന്ന ഭാവം മുഖത്ത് കാണാം.
കറക്റ്റ് ടൈമിംഗ് നോക്കി ഒരു കൊട്ട് കൂടി കൊടുത്തു.
"ഹാ, അതാവും എന്നെ തൊടാൻ മടി, ഉപയോഗം ഇല്ലല്ലോ"
ഉടനെ എത്തി എന്റെ കണവൻ. എന്റെ കാലെടുത്തു മടിയിൽ വെച്ച് മെല്ലെ മെല്ലെ മസ്സാജ് ചെയ്തു തുടങ്ങി. നല്ല ആശ്വാസം.
അപ്പോൾ TV യിൽ വീണ്ടും ആ പരസ്യം.എനിക്ക് ദേഷ്യം വന്നു "അവളുമാർക്ക് ശെരിക്കും ഇങ്ങനെ ഉള്ളപ്പൊ ഇത് ഷൂട്ട് ചെയ്‌യാൻ പറ. അല്ല പിന്നെ."
ഭർത്താവ് അപ്പോഴും ഒന്ന് ചിരിച്ചു..
ചിരി കണ്ടപ്പോൾ ഞാൻ തണുത്തു. ചിരിക്കുമ്പോ നല്ല ഭംഗിയാ.

Comments

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )