ബാധ


ഗായത്രി കുട്ടിക്ക് ബാധ കയറി
ഒഴിപ്പിക്കാന്‍ പേരുകേട്ട മന്ത്രവാദി എത്തി. എരിയുന്ന തീയും വളയുന്ന വടിയുമായി അയാള്‍ ഉച്ചാടനം തുടങ്ങി. മഞ്ഞ നിറത്തില്‍ മുങ്ങിയ മുറിയുടെ ചുവരില്‍ അവളുടെ അഴിച്ചിട്ട മുടി നിഴലാട്ടം നടത്തി. ഗംഗയെന്നു പേരുള്ള ബാധ മന്ത്രവാദിയെ നോക്കി ഇരുന്നു. ഉച്ചാടനം തുടങ്ങി. ഗംഗ അലമുറയിട്ടു കരഞ്ഞു , ഒഴിഞ്ഞു പോകില്ലെന്ന് വാശി പിടിച്ചു. ഒടുവില്‍ മന്ത്രവാദി ജയിച്ചു. ഗായത്രി മോഹാലസ്യപ്പെട്ടു വീണു.

അല്‍പ്പം കഴിഞ്ഞു ഗായത്രി കണ്ണ് തുറന്നു. മുറിയില്‍ അവളും മന്ത്രവാദിയും മാത്രം. പാതി തുറന്ന കണ്ണുകളുമായി തന്നെ നോക്കുന്ന ഗായത്രിയോടു മന്ത്രവാദി പറഞ്ഞു “ ബാധ ഒഴിഞ്ഞു, കണ്ണ് തുറന്നോളൂ “
ഇത് കേട്ട് ഗായത്രികുട്ടി കരച്ചില്‍ തുടങ്ങി. “ അവളെ ഒഴിപ്പിക്കണ്ടായിരുന്നു” അവള്‍ കരഞ്ഞുകൊണ്ട്‌ പറഞ്ഞു.
“അത് പാടില്ല കുട്ടി , നിന്റെ മനസും ശരീരവും മറ്റൊരാള്‍ നിയന്ത്രിക്കാന്‍ പാടില്ല.” മന്ത്രവാദി പ്രതിവചിച്ചു.

ഗായത്രി അയാളെ നോക്കി. അവള്‍ വിയര്‍ത്തു കുളിച്ചു അവശയായിരുന്നു. ക്ഷീണിച്ച സ്വരത്തില്‍ അവള്‍ അയാളോട് പറഞ്ഞു
“അവള്‍ ആയിരുന്നു എന്റെ സ്വാതന്ത്ര്യം. ഗംഗ കൂടെ ഉണ്ടായിരുന്നപ്പോള്‍ എനിക്ക് മുടി അഴിച്ചിട്ടു നടക്കാമായിരുന്നു , മൂളിപ്പാട്ട് പാടാമായിരുന്നു . ഉമ്മറത്ത്‌ ആള് വന്നാലും എനിക്ക് അതുവഴി പോകാമായിരുന്നു. ചൂളമടിക്കാം , നൃത്തം ചെയ്യാം. എന്റെ മനസിന്‌ എന്ത് തോന്നുന്നുവോ അതുപോലെ ചെയ്യാമായിരുന്നു. മരം കയറാനും കുളത്തില്‍ നീന്താനും എനിക്ക് ആരുടെയും അനുവാദം വേണ്ട, ആണുങ്ങള്‍ എന്റെ ഒരു നോട്ടം കണ്ടാല്‍ അകന്നു മാറും. ഇനി ? ഇനിയാണ് എനിക്ക് ബാധ കയറാന്‍ പോകുന്നത്. എന്റെ മനസും ശരീരവും വീട്ടുകാരും നാട്ടുകാരും നിയന്ത്രിക്കും..കാണാത്ത ചങ്ങലകള്‍ എന്നെ ബന്ധിക്കും. അവളെ ഒഴിപ്പിക്കണ്ടായിരുന്നു ..” ഗായത്രി വിങ്ങി പൊട്ടി.


മുറിയിലെ താപം കുറഞ്ഞു , വെളിച്ചം കുറഞ്ഞു. കരയുന്ന ഗായത്രിയെ കണ്ടു ഒരുനിമിഷം മന്ത്രവാദിയുടെ മനസ് അലിഞ്ഞു. അയാള്‍ അവളെ ആശ്വസിപിക്കാന്‍ അവളുടെ തോളില്‍ കൈ വെച്ചു. അഴിച്ചിട്ട മുടിക്കിടയില്‍ ഒരു ചിരി മിന്നി മായുന്നത് മന്ത്രവാദി കണ്ടില്ല.

 

Comments

Popular posts from this blog

ചീഫ്‌ മിനിസ്റെര്‍ എഫ്ഫക്റ്റ്‌

മഴതുള്ളി

ചില മഴ ചിന്തകള്‍