വേദനയെ പ്രണയിച്ചവന്‍
വേദനയാണ്
അയാളെ കവി ആക്കിയത്. ആദ്യമായി തൊലി മുറിഞ്ഞു രക്തം പൊടിഞ്ഞപ്പോള്‍ ആ വേദന അയാള്‍
താളുകളില്‍ കുറിച്ച് വെച്ചു . അങ്ങനെ അയാള്‍ ഒരു കവിയായി പരിണമിച്ചു. കാലം അയാളെ
ഒരു കാമുകനാക്കിയപ്പോള്‍ പ്രണയ കവിതകള്‍ എഴുതാന്‍ വാക്കുകള്‍ കിട്ടാതെ അയാള്‍
വലഞ്ഞു. പക്ഷെ പ്രണയം തകര്‍ന്നപ്പോള്‍ മഷിയുണങ്ങിയ അയാളുടെ തൂലികക്ക് പിന്നെയും ജീവന്‍ വെച്ചു.
ജീവിതകാലം
മുഴുവന്‍ അയാള്‍ വേദനകളെ തിരഞ്ഞു. പുലരിയില്‍ ഭൂമിയെ വിട്ടുപോകാന്‍ മടിച്ചു നില്‍ക്കുന്ന
മൂടല്‍മഞ്ഞില്‍ , ഇലകള്‍ക്കിടയിലൂടെ വഴുതി വീഴുന്ന സൂര്യ കിരണങ്ങള്‍ തീര്‍ക്കുന്ന
പ്രകാശ ധാരകല്‍ക്കിടയിലൂടെ നടക്കുമ്പോഴും അയാള്‍ വേദനകളെ പ്രണയിച്ചു.
വേദന
തിരഞ്ഞുള്ള യാത്രയില്‍ ഒന്നും കണ്ടെത്താനാകാതെ വന്നപ്പോള്‍ ഇല്ലാത്ത വേദന ഉണ്ടെന്നു
സങ്കല്‍പിച്ചു അയാള്‍ എഴുത്ത് തുടര്‍ന്ന്. സങ്കല്‍പ്പങ്ങളുടെ ഇരുളടഞ്ഞ പാതയില്‍
അയാള്‍ ഒറ്റയ്ക്ക് നടന്നു. ഒറ്റപ്പെടലിന്റെ വേദന അയാളിലെ കവിയെ ഒരു മെഴുകുതിരി
വെളിച്ചത്തിന്റെ പ്രതീക്ഷ നല്‍കി പ്രലോഭിപ്പിച്ചു. ഇരുളില്‍ മഴ പെയുന്ന ഇടനാഴിയില്‍
അകലെ കണ്ട മെഴുതുതിരി വെളിച്ചതുണ്ട് നോക്കി അയാള്‍ മുന്നോട്ടു നീങ്ങി.
ആയാത്ര
അയാളെ ഒരു ചതുപ്പ് നിലത്തില്‍ കൊണ്ടെത്തിച്ചു. കാലുകള്‍ ചെളിയില്‍ താഴുന്നത് അയാള്‍
അറിഞ്ഞു. ഇന്ന് പകല്‍ മെതിച്ച വൈകോല്‍
കൂനയില്‍ ചുറ്റിത്തിരിഞ്ഞു കാറ്റ് അതിന്റെ മണവും പേറി അയാളെ തലോടി കടന്നുപോയി.
ചതുപ്പ് ആഴമുള്ളതായിരുന്നില്ല. എങ്കിലും ആ ചതുപ്പില്‍ മുഴുവനായി ആണ്ടുപോകുന്നതായി
അയാള്‍ സ്വപ്നം കണ്ടു. ആഴങ്ങളില്‍ നിന്ന് ജീവന് ഒരു കുമിലയായ് മുകളില്‍ വന്നു
പോട്ടിപോകുന്നത് സങ്കല്‍പിച്ചു അയാള്‍ രോമാഞ്ചം പൂണ്ടു.
പെട്ടന്ന്
മഴ നിന്നു. ഒഴിഞ്ഞ ചഷകത്തില്‍ നിറയുന്ന വീര്യമുള്ള മദ്യം പോലെ അയാള്‍ക്ക് ചുറ്റും നിലാവെളിചം നിറഞ്ഞു.
ചുറ്റും നോക്കിയ അയാള്‍ മനസിലാക്കിയത് താന്‍ ഒരു കൊടുംകാട്ടിനുള്ളില്‍
അകപെട്ടിരികുന്നു എന്നാണു. മരങ്ങള്‍ക്കിടയിലൂടെ നിശബ്ദതയുടെ ഭയാനക സ്വരങ്ങള്‍
അയാളെ തേടി വന്നു. അവ ഭയത്തിന്‍റെ കാട്ടുവള്ളികള്‍ പ്രാണനിനുള്ളില്‍ പായിച്ചു .
പരിഭ്രമത്തില്‍ തന്‍റെ മുന്നില്‍ വിരിഞ്ഞ ഒരു വെളുത്ത പുഷ്പത്തില്‍ അയാളുടെ ദൃഷ്ടി പതിഞ്ഞു.
മഴകൊണ്ട് നനഞു തൂങ്ങി നില്‍കുന്ന അതില്‍ മഴനീര്തുള്ളികള്‍ നിലാവെളിച്ചത്തില്‍
താരങ്ങളെ പോലെ പുഞ്ചിരിച്ചു.
തന്‍റെ ശിഥിലമായ ചിന്തകളുടെ ശവപ്പറമ്പില്‍ ആരും വരാത്ത ഒരുകൊണില്‍ ഇതുപോലെ പൂക്കള്‍
വിരിഞ്ഞെങ്കില്‍ എന്നയാള്‍ ആശിച്ചിരുന്നു. വേദനയോടുള്ള ദിവ്യപ്രണയതിനിടയിലും തന്‍റെ ഉള്ളിലെ ബാലിശമായ ജല്‍പനങ്ങള്‍ ആ പൂവിന്റെ മണമറിയാന്‍ കൊതികുന്ന്തു അയാള്‍
അറിഞ്ഞു. സ്വന്തം മുഖംമൂടി അഴിഞ്ഞു വീണ നിമിഷം അയാള്‍ ലജ്ജിച്ചു.
ആദ്യ
രാവില്‍ തന്‍റെ മുന്നില്‍ തലകുനിച്ചു നില്‍ക്കുന്ന പുതുമണവാട്ടിയെ പോലെ , തെറ്റ് ചെയ്തു തന്‍റെ മുന്നില്‍ കുറ്റബോധം കൊണ്ട് തല കുനിച്ച കുട്ടിയെ പോലെ ആ പൂവ്
നിന്നു. അയാള്‍ അതിലേക്കു സൂക്ഷിച്ചു നോക്കി. അതിന്‍റെ ഇതളില്‍ എന്തോ
എഴുതിയിരികുനത് കാണാം, പക്ഷെ വായിക്കാന്‍ കഴിയാത്തവിധം ചെറിയ അക്ഷരങ്ങള്‍. അല്പം
കഴിഞ്ഞു പൂവ് വലുതാവാന്‍ തുടങ്ങി, ഒപ്പം അതിലെ അക്ഷരങ്ങളും.
ഒടുവില്‍
ആ പൂവ് അയാളെക്കാള്‍ വലുതായി അയാള്‍ക് മുന്നില്‍ തലയുയര്‍ത്തി നിന്നു. പക്ഷെ അതിലെ ലിഖിതം അയാള്‍ക്ക് ഒരു അറിവും
ഇല്ലാത്ത ഭാഷയില്‍ ആയിരുന്നു. പക്ഷെ തന്‍റെ ഉള്ളിലെ ജ്ഞാനി അഹങ്കാരത്തോടെ അതിനെ “വേദനയുടെ
പൂവ്” എന്ന്നു പരിഭാഷപ്പെടുത്തിയപ്പോള്‍ അയാള്‍ അത് വിശ്വസിച്ചു. മഴ പെയ്തു തോര്‍ന്ന ആ നനഞ്ഞ രാവില്‍, നിലാവ് നിറഞ്ഞ പൂവിന്റെ ഉള്ളിലേക്ക് അയാള്‍ നടന്നു കയറി. പൂവ്
മെല്ലെ മെല്ലെ കൂമ്പി ഒരു മൊട്ടായി.
മോട്ടിനുള്ളില്‍
നിലാവെളിച്ചം എങ്ങോ പോയ്മറഞ്ഞു. ഇരുട്ടില്‍ തന്‍റെ ഹൃദയമിടിപ്പും ശ്വാസവും മാത്രം
അയാള്‍ക്ക് കൂട്ടിരുന്നു. പ്രതീക്ഷയോടെ വന്നു കയറിയ വേദനയുടെ പൂവില്‍ അയാളെ
വരവേറ്റത് ഈ ശൂന്യതയാണ്. പ്രതീക്ഷയുടെ കൊടുമുടി ഇടിഞ്ഞു അവിടെ ഒരു വലിയ ഗര്‍ത്തം
രൂപപ്പെട്ടു. മോട്ടിനുള്ളിലെ ചൂടുകൊണ്ട് അയാള്‍ വിയര്‍ത്തു.അയാളുടെ ഉപ്പുരസമുള്ള
വിയര്‍പ്പ് മോട്ടിനുള്ളില്‍ നിറഞ്ഞു , അതില്‍ മുങ്ങി അയാള്‍ ചലനമറ്റു കിടന്നു.
ഭാവനാശൂന്യമായ
മനസുപോലെ ഇരുളടഞ്ഞ ആ മോട്ടിനുള്ളില്‍ എത്രനാള്‍ അങ്ങനെ കിടന്നു എന്ന് അയാള്‍ക്ക് കണക്കുകൂട്ടാന്‍
കഴിഞ്ഞില്ല. പെട്ടന്ന് പൂവിന്റെ ഒരു
കോണില്‍ ഒരു പൊട്ടു വെളിച്ചം കണ്ടു. അതിലേക്കു പ്രതീക്ഷയോടെ നോക്കിയാ അയാള്‍ കണ്ണ്
മഞ്ഞളിച്ചു കണ്ണുകള്‍ ഇറുക്കിയടച്ചു. മൊട്ടു വീണ്ടും ചുരുങ്ങി . അയാള്‍ അതിനുള്ളില്‍
ഞെരുങ്ങി ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടി.
ആ
പൊട്ടു വെളിച്ചം പ്രകാശ കരമായ് വന്നു ഈ തടവറയില്‍ നിന്ന് തന്നെ രക്ഷിക്കും എന്ന് പ്രതീക്ഷിച്ചു അയാള്‍
കണ്ണുകള്‍ അടച്ചു കിടന്നു. ശാന്തമായ അയാളുടെ മനസ്സില്‍ ചിന്തകളുടെ ഒരു വേലിയേറ്റം
ഉണ്ടായി. കഠിനമായ വേദന അയാളുടെ ഉദരത്തില്‍ ഉരുണ്ടുകൂടി. നിലയില്ലാ ചുഴിയില്‍
അകപ്പെട്ടപോലെ അയാള്‍ വട്ടം കറങ്ങി, അത് ഏതോ ആഴത്തിലേക്ക് അയാളെ വലിച്ചു കൊണ്ട്
പോയി.
അയാള്‍
ചെന്ന് വീണത് പതുപതുത്ത ഒരു തുണിയിലേക്കാണ്. വെളിച്ചം അയാളുടെ കണ്ണുകളെ അമര്‍ത്തിപിടിച്ചു.
അയാള്‍ ഉള്ളില്‍ തിളച്ചു മറിയുന്ന കോപം അഗ്നിപര്‍വതം കണക്കെ പുറംതള്ളാന്‍ വേണ്ടി
ഉറക്കെ അലറി. പക്ഷെ വായില്‍നിന്നു പുറത്തു വന്നത് ഒരു പിഞ്ചു കിഞ്ഞിന്റെ
കരച്ചിലിന്റെ സ്വരമായിരുന്നു. അയാള്‍ അത്ഭുതവും ഞെട്ടലും കൊണ്ട് നിശബ്ദനായി. എന്താണ്
സംഭവിക്കുന്നത് എന്ന് മനസിലാകാതെ ആശങ്കയോടെ അയാള്‍ കണ്ണുകള്‍ തുറന്നു. കണ്ട
കാഴ്ച്ചയില്‍ പൂര്‍ണ നഗ്നനായ തന്‍റെ ശരീരം അല്ല അതിന്റെ വലിപ്പക്കുറവാന് അയാളെ
ഞെട്ടിച്ചത്. എനിക്കെന്താണ് സംഭവിച്ചത് എന്ന് ചോദിച്ച അയാളുടെ ശബ്ദം പുറത്തു
വന്നത് കുഞ്ഞിന്‍റെ കരച്ചിലിന്റെ രൂപത്തില്‍ തന്നെ ആണ്. മനസിലെ അസ്ഥിരതയുടെ കാര്‍മേഘങ്ങള്‍
മാറി വെച്ചം വീണ താഴ്വരയില്‍ തെളിഞ്ഞത് താന്‍ ഒരു പ്രസവമുറിയില്‍ ആണെന്ന
തിരിച്ചറിവാണ്. സങ്കല്‍പങ്ങളുടെ ശവപ്പറമ്പില്‍ യാഥാര്‍ത്യത്തിന്റെ പുല്ലു വളര്‍ന്നു
മൂടി.
തന്‍റെ ഉദരത്തില്‍ ഉരുണ്ടു കൂടിയ വേദന ഒരു മാതാവിന്‍റെ വേദന ആണെന്ന് അയാള്‍ അറിഞ്ഞു. ഇന്നേവരെ പ്രണയിച്ചു വേദനകള്‍ കൂടിവെച്ചു അയാള്‍ പണിത കല്ഗോപുരത്തിന്റെ മുന്നില്‍ ആ നോവിന്റെ പര്‍വതം ഉയര്‍ന്നു വന്നു. പിറവിയുടെ ഈ വേദനക്ക് മുന്നില്‍ തന്‍റെ സങ്കല്‍പ്പ വേദനാസാമ്രാജ്യം തകര്ന്നടയുന്നത് കണ്ടു അയാള്‍ ഉറക്കെ കരഞ്ഞു. കുഞ്ഞിന്‍റെ സ്വരത്തിലുള്ള ആ കരച്ചില്‍ കേട്ട് വീണ്ടും സങ്കടപ്പെട്ടു അയാള്‍ അതിലും ഉറക്കെ കരഞ്ഞു.
പക്ഷെ
കരഞ്ഞു മുഴുവനാക്കാന്‍ സമ്മതിക്കാതെ നിറഞ്ഞു തുളുംബിയ മാതൃത്വം അയാളാകുന്ന കുഞ്ഞിന്റെ
വായിലേക്ക് തിരുകി കയറ്റി.
Comments
Post a Comment