പ്രണയ ഹരിതം

മഴപെയ്തൊഴിഞ്ഞ , മേഘം വറ്റിയ വാനിന്‍റെ മാറില്‍ സിന്ദൂരം ഒലിച്ചിറങ്ങുന്ന സന്ധ്യയില്‍ അവന്‍ ഒരു പുഴു ആയിരുന്നു. അവള്‍ ഒരു ചെടിയും. പ്രണയം... പ്രണയമായിരുന്നു അവര്‍ക്ക്..
മറ്റാരെക്കാളുമേറെ അവന്‍ അവളെ പ്രണയിച്ചു. മറ്റെന്തിനെക്കാളുമേറെ അവള്‍ അവനെ ആഗ്രഹിച്ചു.. അവള്‍ പറഞ്ഞു " ഞാന്‍ നിനക്കായ്‌ പ്രണയപുഷ്പങ്ങളെ പൂവിടും.. പ്രണയമധു നിറച്ച പൂക്കള്‍ അണിഞ്ഞു നിനക്കായ്‌ കാത്തിരിക്കും.. "
കാലാന്തരെ ഒരു യവനികക്കുള്ളില്‍ മറയുന്നത് വരെ, വിണ്ണിന്‍റെ അധിപനായ് ജ്വലിക്കുന്ന സൂര്യനെയും ഇരുള്‍ കയത്തില്‍ മെല്ലെ വഞ്ചി പോലെ നീങ്ങുന്ന ചന്ദ്രനേയും സാക്ഷി നിര്‍ത്തി അവന്‍ അവളെ പ്രണയിച്ചുകൊണ്ടേ ഇരുന്നു.
ആ അടഞ്ഞ കൂടിനുള്ളില്‍ അവനു ഭയംതോന്നിയില്ല. അവള്‍ പുറമേ അവനു വേണ്ടി കാത്തിരിക്കും എന്ന് അവനു അറിയാമായിരുന്നു... ഏകാന്തതയില്‍ അവളുടെ ഓര്‍മ്മകള്‍ അവനു കൂട്ടായി.. ഇരുളിനെയും നിശബ്ധതയെയും വകവെക്കാതെ അവന്‍ പ്രണയിച്ചുകൊണ്ടേ ഇരുന്നു..
ഒടുവില്‍ ഒരുനാള്‍ അവന്‍ ആ കൂട് പൊളിച്ചു പുറത്തു വന്നു... ഒരു ശലഭമായ്... സ്വാതന്ത്ര്യത്തെ ചിറകു വിരിച്ചു അനുഭവിച്ചു അവന്‍ അവളെ തേടി പറന്നു..
അവന്‍ അവളുടെ മുന്നില്‍ എത്തി... അവന്‍കൊതിച്ച പ്രണയ പുഷ്പങ്ങള്‍ അവിടെ കണ്ടില്ല. അവളുടെ ഓരോ ഇലയായ് ഉണങ്ങിപൊഴിഞ്ഞു കൊണ്ടിരുന്നു.. അവനെ കണ്ടു അവളുടെ കണ്ണുകള്‍ വിടര്‍ന്നു.. പിന്നെ നനഞ്ഞു.. ശിശിരം കൊഴിച്ചുകളഞ്ഞ അവളുടെ മുടിയിഴകളെ നോക്കി അവള്‍ നെടുവീര്‍പ്പിട്ടു...
അവന്‍ അവളുടെ അടുത്ത് വന്നു, അവളെ നോക്കി പുഞ്ചിരിച്ചു... അവന്‍ പറഞ്ഞു " നിന്നെ എനിക്ക് അറിയാം.. നീ എന്‍റെയാണ്...കാലം മാറും ഇനിയും നീ തളിരിടും.. നിന്നില്‍ പ്രണയ പുഷ്പങ്ങള്‍ മൊട്ടിടും, പൂക്കും... എനിക്കും നിനക്കും മാത്രമായി പ്രണയത്തിന്‍റെ സുഗന്ധം പരത്തും.. ആ കാത്തിരിപ്പ് ഒരു ശലഭായുസ്സിനെകാള്‍ നീളും എങ്കില്‍ നിന്‍റെ കാല്‍ച്ചുവട്ടില്‍ ഞാന്‍ അലിഞ്ഞു ചേരും.."
പ്രണയം വേരിറങ്ങിയ ഉള്ളു വിങ്ങി അവള്‍ അത് കേട്ടിരുന്നു ..
അവളുടെ ഓരോ ഇലകളായി പൊഴിഞ്ഞു വീണുകൊണ്ടേ ഇരുന്നു...കഴിഞ്ഞു പോകുന്ന ദിനങ്ങള്‍ പോലെ....
അവന്‍ കാത്തിരുന്നു... വരാന്‍ പോകുന്ന വസന്തതിനായി.. ഒരു ശലഭായുസ്സിനെകാള്‍ ഏറെ വൈകിയേ വസന്തം വരൂ എന്ന് അറിഞ്ഞുകൊണ്ട് തന്നെ.. മറ്റൊരു പൂവിലും തേന്‍ നുകരാന്‍ പോവാതെ.. എന്തെന്നാല്‍ എന്തിനെക്കാളുമേറെ അവന്‍ അവളെ പ്രണയിച്ചിരുന്നു..

Comments

Post a Comment

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )