മോഷണം & സ്റ്റഫ്‌

ദാരിദ്ര്യം ആയിരുന്നു.
പണത്തിന് ഇത്രക്കും ബുദ്ധിമുട്ട് മുൻപ് ഉണ്ടായിട്ടില്ല. വേറെ ഒരു വഴിയും കാണാത്തത് കൊണ്ടാണ് മോഷ്ടിക്കാൻ തീരുമാനിച്ചത്.
ജീവൻ പണയം വെച്ച് അച്ഛന്റെ പേഴ്‌സ് എടുത്തു. അതിൽ നിന്ന് ക്യാഷ് എടുക്കാൻ തുടങ്ങിയപ്പോൾ പിന്നിൽ അനിയത്തി.. പെട്ടു..
അവൾ എന്തോ നിധി കിട്ടിയതു പോലെ എന്നെ നോക്കുന്നു. എന്‍റെ അന്ത്യം ഉറപ്പായി. എന്‍റെ ജീവിതം തുലയ്ക്കാന്‍ ഉള്ള നല്ലൊരു ചാന്‍സ് ആണ് ഞാനായിട്ട് അവള്‍ക്കു ഉണ്ടാക്കി കൊടുത്തത്. അവളുടെ മുഖം കണ്ടാൽ അറിയാം , സന്തോഷംകൊണ്ട് വല്ല ഹാര്‍ട്ട്‌ അറ്റാക്കും വരുമോ ആവൊ സാധനം..
ഞാന്‍ ഡിഗ്രി കഴിഞ്ഞവനും അവള്‍ പ്ലസ്‌ ടു കാരിയും ആണെങ്കിലും സ്വഭാവത്തില്‍ എന്നേക്കാള്‍ മൂത്തതാ. എന്‍റെ അനിയത്തി ആയതുകൊണ്ട് പറയുകയല്ല. ഒരു ദയയും പ്രതീക്ഷിക്കണ്ട.
എന്നാലും ഒന്ന് കാലുപിടിക്കാൻ ഞാൻ തീരുമാനിച്ചു. “ഒരു മിനിറ്റ് നീ ഒന്ന് ഞാൻ പറയുന്നത് കേൾക്ക്. എന്നിട്ട് എന്ത് വേണമെങ്കിലും ചെയ്‌തോ.”
സാധാരണ അവൾ വഴങ്ങാറില്ലെങ്കിലും അന്ന് അവൾ കേൾക്കാൻ തയ്യാറായി..
ഞാൻ എന്റെ അവസ്ഥ പറഞ്ഞു.." ഒരു അബദ്ധം പറ്റിപ്പോയി. ഒരു ടീമിന് കാശ് കൊടുക്കാന്‍ ഉണ്ട്. അത് കൊടുത്തില്ലെങ്ങില്‍ അവര് എന്നെ ഉപദ്രവിക്കും. നീ പ്രശ്നം ഉണ്ടാക്കരുത്.."
അവളിലെ കുറ്റാന്വേഷക ഉണര്‍ന്നു. "എന്തിനാ
അവര്‍ക്ക് കാശ്? സത്യം പറ."
ഞാന്‍ പലതും പറഞ്ഞു ഉരുണ്ടു കളിച്ചു. പക്ഷെ അവള്‍ വിടുന്നില്ല. സത്യം പറഞ്ഞില്ലെങ്ങില്‍ അവള്‍ എന്നെ തുലയ്ക്കും. അവസാനം മടിച്ചു മടിച്ചു ഞാന്‍ കാര്യം പറഞ്ഞു.
" ജോലി കിട്ടാത്ത ടെൻഷനും പ്രേമം പൊളിഞ്ഞതും എല്ലാം കൂടി ആയപ്പോൾ ഞാൻ സ്റ്റഫ് വാങ്ങി.”
അവൾക്ക് അത് മനസിലായില്ല.. “സ്റ്റഫ്‌ഫോ?”.
“പതുക്കെ പറ. സ്റ്റഫ് എന്ന് വെച്ചാൽ കഞ്ചാവ്”.
അവൾ വാ പൊളിച്ചു. പക്ഷെ അത് കേട്ട് കഴിഞ്ഞപ്പോൾ സാഹതാപതിന് പകരം സന്തോഷമാണ് അവളുടെ മുഖത്ത് കണ്ടത്.
എന്തായാലും ഞാൻ ബാക്കി കൂടി പറഞ്ഞു.
“ഞാന്‍ അതില്‍ കുറച്ച് ഉപയോഗിച്ചു. നമുക്ക് അത് ശെരിയാവില്ല. ഞാന്‍ ഇപോ അത് തിരിച്ചു കൊടുക്കാം എന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് കാശ് തന്നെ വേണം."
" എന്നിട്ട് സാധനം എവിടെ ? ഞാന്‍ ഇതുവരെ കണ്ടില്ലല്ലോ.."
"നീ എപ്പോഴും എന്റെ മുറിയിൽ കയറുന്നത് കൊണ്ട് ഞാൻ അത് നിന്റെ മുറിയിൽ ആണ് ഒളിപ്പിച്ചു വെച്ചിരിക്കുന്നത് “ ഞാന്‍ ജാള്യതയോടെ ചിരിച്ചു..
“എന്‍റെ മുറിയിലോ?” അവൾക്ക് ദേഷ്യം വന്നു.
“അതെ, നിന്നോട് മുകളിലെ റാക്ക് ഒതുക്കി വെക്കാൻ അമ്മ പറയാറില്ലേ? അതിന്റെ ഇടയിൽ ആണ് അത് വെച്ചിരിക്കുന്നത്. അതാകുമ്പോൾ നീ കാണില്ലല്ലോ.. നീ സ്കൂളിൽ പോകുമ്പോൾ എടുക്കാമല്ലോ..”
അവളുടെ ദേഷ്യം മാറിയിട്ടില്ല. “അവിടെ മാത്രമേ ഉള്ളൂ.??"
പെട്ടന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പെട്ടു. നുണയൊന്നും ആലോചിക്കാന്‍ പറ്റിയില്ല. അവള്‍ അതിലെ കേറി പിടിച്ചു. അവസാനം ഞാന്‍ കാര്യം പറഞ്ഞു..
" പിന്നെ എന്‍റെ മുറിയിൽ ഞാൻ ഒരു കുപ്പി വാങ്ങി വെച്ചിട്ടുണ്ട്.. . നീ എന്‍റെ മുറിയിലെ ബാഗ് ഒന്നും എടുത്ത് നിലത്ത് ഇടരുത്. അത് പൊട്ടും.സത്യമായും ഞാന്‍ അത് ഉപയോഗിച്ചിട്ടില്ല. ഞാൻ അത് ആർക്കെങ്കിലും കൊടുത്തോളാം. നീ ഇതൊന്നും ആരോടും പറയരുത് “
അവള്‍ സമ്മതിച്ചില്ല. സത്യസന്ധതയും ആദര്‍ശവും പതഞ്ഞു പൊങ്ങി ഇരിക്കുകയല്ലേ.. പാവം..!!! സത്യത്തിന്‍റെ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കില്ലല്ലോ ..
ഒടുവിൽ അവൾ സമ്മതിച്ചു. ആരോടും പറയില്ല, എല്ലാം വേഗം നിർത്തിക്കൊ എന്ന് ഉപദേശിച്ചു..
അവൾ പോയപ്പോൾ ഒരു മഴ പെയ്ത് തോർന്ന അവസ്ഥ. പക്ഷെ കൊടുങ്കാറ്റിനു മുൻപുള്ള ശാന്തത മാത്രമായിരുന്നു അത്.
അൽപ്പം കഴിഞ്ഞു അച്ഛനും അമ്മയും മുറിയിലേക്ക് കയറി വന്നു. കൂടെ അനിയത്തിയുടെ മാസ്സ് എൻട്രി.
പിന്നെ തേരാ പാരാ തിരച്ചില്‍. എന്റെ മുറി അരിച്ചു പെറുക്കി. പിനെന്‍ അവളുടെ മുറി. ആ റാക്കിലെ പുരാവസ്തുക്കൾ മുഴുവന്‍ വലിച്ചു താഴെയിട്ടപ്പോൾ മുറിയില്‍ ഒരു ലോഡ് മണ്ണ്..
എന്താണ് സംഭവിക്കുന്നത് എന്ന് അറിയാത്ത ഭാവത്തില്‍ "എന്താ കാര്യം" എന്ന് ഇടയ്ക്കിടക്ക് ചോദിച്ചുകൊണ്ട് ഞാന്‍ അവിടെയൊക്കെ നടന്നു.
ഒന്നും കിട്ടാഞ്ഞപ്പോള്‍ അവള്‍ക്കു കളി തുള്ളി. അച്ചനും അമ്മയും എന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങി.. "നിന്‍റെ കയ്യില്‍ കഞ്ചാവും, മദ്യവും ഉണ്ടെന്നു ഇവള്‍ പറഞ്ഞല്ലോ"
ഞാന്‍ ഞെട്ടി... "എന്ത്? കഞ്ചാവോ.?? എന്ത് നുണയാടി നീ ഈ പറയുന്നേ ??
അനിയത്തി വിട്ടു കൊടുക്കുന്ന മട്ടില്ല.. " കഞ്ചാവ്‌ മാത്രം അല്ല, ബ്രാണ്ടിയും ഉണ്ട്."
"എന്നിട്ട് എവിടെ ?" ഞാന്‍ ഇത് ചോദിച്ചപ്പോള്‍ അവള്‍ നിശബ്ദയായി. അച്ഛനും അമ്മയും അതോടെ അവളുടെ നേര്‍ക്ക്‌ തിരിഞ്ഞു..
"നീ അല്ലെ പറഞ്ഞെ ഇതൊക്കെ ഉണ്ടെന്നു. എന്നിട്ട് എവിടെ ?" അമ്മ അവളോട്‌ ചോദ്യം ആവര്‍ത്തിച്ചു...
പന്ത് ഇപ്പോള്‍ എന്റെ കോര്‍ട്ടില്‍ ആണ്. നേരെ കൊണ്ട് ഗോള്‍ അടിക്കരുത്. ആദ്യത്തെ പാസ്‌ ഞാന്‍ കൊടുത്തു.
" അച്ഛനും അമ്മയും കേള്‍ക്കാന്‍ വേണ്ടി പരയുഅകയാ.. എന്‍റെ അമ്മയാണെ സത്യം, എന്‍റെ കയ്യില്‍ കഞ്ചാവും ഇല്ല കുപ്പിയും ഇല്ല... ഞാന്‍ ഇതൊന്നും ഉപയോഗിച്ചിട്ടേ ഇല്ല..."
അമ്മയും അച്ഛനും അത് മതിയായിരുന്നു. അച്ഛന്‍ ദേഷ്യപ്പെട്ടു.. "നീ എന്താടി ചേട്ടനെകുറിച്ചു വന്നു പറഞ്ഞത്? നിനക്ക് എന്താ അവനോട് ഇത്ര ദേഷ്യം ?"
അവള്‍ ഒന്ന് പകച്ചു... ഇതാണ് സന്തര്‍ഭം. ഇതാണ് കൃത്യമായി ഉപയോഗിക്കേണ്ടത്..
ഞാന്‍ വികാരാധീനനായി സംസാരിച്ചു "അത് തന്നെ.. നിനക്ക് എന്നോട് എന്താ ഇത്ര ദേഷ്യം ? നീ എന്തൊക്കെ നുണയാ ഈ പറഞ്ഞുണ്ടാക്കിയത്. കഞ്ചാവേ.!! പിന്നെ എന്താ, ഞാന്‍ ബ്രാണ്ടി ഒളിപ്പിച്ചു വെച്ചിട്ടുണ്ട് അല്ലെ.? ഇനീം പറയെടി, എനിക്ക് ഇവിടെ കള്ളവാറ്റ് ഉണ്ടെന്നു പറ, എനിക്ക് മാല പൊട്ടിക്കാന്‍ നടക്കുന്നുണ്ടെന്നു പറ, ഞാന്‍ അച്ഛന്റെ പേഴ്സീന്ന് കാശ് അടിച്ചു മാറ്റുന്നുണ്ടെന്നു പറ.. പറ.. പറ..."
അവള്‍ അതിനി പറയില്ല.. പറയാന്‍ ആഗ്രഹം ഉണ്ടെങ്ങിലും അവള്‍ പറയില്ല. അവള്‍ എന്നെ ഒരു ദഹിപ്പിക്കുന്ന നോട്ടം നോക്കി.. ഞാന്‍ നോക്കാന്‍ പോയില്ല.
എന്നാലും എന്നോട് ഇങ്ങനെ ചെയ്തല്ലോ എന്നാ ഭാവത്തില്‍ ഞാന്‍ നിന്ന് കൊടുത്തു.. അത് കണ്ടു അമ്മയും അച്ഛനും എന്നെ സമാധാനിപ്പിച്ചു.
ദേഷ്യപ്പെട്ടു പോകുകയായിരുന്ന അവളോട്‌ "എന്തായാലും ആ റാക്കിലെ സാധനങ്ങള്‍ മുഴുവന്‍ വലിച്ചു താഴെ ഇട്ടില്ലേ? അതിനി വൃത്തിയാക്കി ഒതുക്കി വെയ്ക്ക്.." എന്ന് അമ്മ ഉത്തരവിട്ടു...
റിഷ്തേ മേ ഹം തുമഹാരാ ഭായ് ഹോത്താതെ.. ബഡാ ഭായ്.. എന്നോടാ കളി..
(വല്ലപ്പോഴും വില്ലന്മാര്‍ക്കും ജയിക്കണ്ടേ ഭായ്.. )

Comments

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )