ലീവും യാത്രയും



ഞാൻ ഇവിടെ പറയുന്നത് മാസ ശമ്പളത്തിന് ജോലി ചെയ്യുന്നവരെ കുറിച്ചാണ്. ഞാനും അത്തരത്തില്‍ ഒരാള്‍ ആയതുകൊണ്ട് എനിക്ക് പറയാം.

ലീവ് ഇല്ല.
നിനക്കൊക്കെ എങ്ങനെയാ ഇത്രയ്ക്ക് ലീവ് കിട്ടുന്നത്.?
അതോ നിനക്ക് ജോലിയും കൂലിയും ഒന്നും ഇല്ലേ? എപ്പോഴും ട്രിപ്പ് ആണല്ലോ.
ഇങ്ങനെ ട്രിപ്പ് പോയിട്ട് എന്ത് കിട്ടാനാ.?
ട്രിപ്പ് പോവാൻ അവന്റെ കാശ് ഉണ്ട്, വേറെ ഒരു ആവശ്യത്തിന് ചോദിച്ചാൽ ഇല്ല അല്ലെ?
.
ചോദ്യങ്ങൾ അനവധിയാണ്. അവർ ചോദിച്ചുകൊണ്ടേ ഇരിക്കും.
എങ്കിൽ ഞാൻ പറയട്ടെ.. യാത്രകൾ ചെയ്യണം. മാസത്തിൽ ഒരിക്കൽ കുടുംബത്തോടൊപ്പമോ കൂട്ടുകാരുടെ ഒപ്പമോ ഒരു യാത്ര പോണം.
അപ്പോൾ അവർ പറയും, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പറ്റുന്നില്ല. അപ്പോഴാ യാത്ര.
ഞാൻ ഇവിടെ പറയുന്നത് മാസ ശമ്പളത്തിന് ജോലി ചെയ്യുന്നവരെ കുറിച്ചാണ്. ഞാനും അത്തരത്തില്‍ ഒരാള്‍ ആയതുകൊണ്ട് എനിക്ക് പറയാം. നമുക്ക് ഓരോന്നോരോന്നായി പറയാം .
ആദ്യം

ലീവ്
ലീവ് കിട്ടാന്‍ ഉണ്ടോ.? ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക്‌ ലീവ് കിട്ടാന്‍ എന്തൊക്കെ നുണ പറയണം ? ശനിയും തിങ്കളും ലീവ് ആയാല്‍ ഞായറാഴ്ചയും കൂടി ലീവ് ആയി എടുത്ത് മൂന്ന്‍ ദിവസത്തെ ലീവ് പോകും. അത് ഇവിടത്തെ ന്യായം. ആരും ചോദ്യം ചെയ്തു കണ്ടിട്ടില്ല. വല്ല ആശുപത്രി കേസോ, അസുഖമോ ആണെങ്കില്‍ ചിലപ്പോള്‍ ലീവ് കിട്ടും. കിട്ടിയാല്‍ തന്നെ എന്തോ അപരാധം ചെയ്താ പോലെ ആണ് കൂടെ ഉള്ളവര്‍ സംസാരിക്കുക… “താന്‍ നാളെ ലീവ് ആണോ.? ആ പണി എന്ത് ചെയ്യും? ഈ പണി എന്ത് ചെയ്യും?” എന്നൊക്കെ പറഞ്ഞു ടെന്‍ഷന്‍ അടിപ്പിച്ചു യാത്രയാക്കും.

💻 ഇനി ലീവ് കിട്ടി, സ്വസ്ഥമായി ഇരിക്കാം എന്ന് വെച്ചാലോ ? നടക്കില്ല. അസുഖം ആണെങ്കിലും, ആശുപത്രിയില്‍ ആനെകിലും കമ്പനിയില്‍ നിന്ന് കോള്‍ വരും. ചിലപ്പോള്‍ മെയില്‍ നോക്കേണ്ടി വരും. മെയില്‍ അയക്കേണ്ടി വരും. റിപ്പോര്‍ട്ട്‌ അയക്കേണ്ടി വരും. കുറെ പേരെ ഫോണ്‍ ചെയ്തു എന്തെങ്കിലും സാധനം കമ്പനിയില്‍ എത്തിക്കാനോ കൊണ്ട് പോകാനോ ഉണ്ടാവും. അത് ചെയ്യേണ്ടി വരും. ഫലത്തില്‍ ലീവ് ആണെങ്കിലും ജോലി എടുക്കേണ്ടി വരും. അപ്പോള്‍ സ്വസ്ഥമായി എങ്ങനെ ലീവ് എടുത്ത് യാത്ര ചെയ്യും ?
പിന്നെ എന്ത് ചെയ്യും?

ലീവ് ഒരു ഔദാര്യം അല്ല. നിയമ പ്രകാരം അത് ജോലി ചെയ്യുന്നവന്‍റെ അവകാശം ആണ്. ജോലി ചെയ്തിട്ടാണ് ശമ്പളം വാങ്ങുന്നത്. അത് കമ്പനിയില്‍ ഉള്ളപ്പോള്‍ മാത്രം ചെയ്യേണ്ട കാര്യം ആണ്. ആ ബന്ധം അവിടെ തീരണം. വീട്ടില്‍ പോയാല്‍ ഒരു മകനും, ഭര്‍ത്താവും , കൂടുകാരനും , കാമുകനും ഒക്കെ ആയി പെരുമാരേണ്ട സമയത്ത് പൂര്‍ണമായും അങ്ങനെ ആവാന്‍ കഴിയണം. അല്ലാതെ അപോഴും കമ്പനിയിലെ ജോലിക്കാരനെ പോലെ പെരുമാറരുത്.

👔 യാഥാര്‍ത്ഥ്യം
നിങ്ങള്‍ ഇങ്ങനെ ജോലി ചെയ്ത് 30 വര്ഷം ലീവ് എടുക്കാതെ വിരമിച്ചാല്‍ എന്ത് കിട്ടും? PF കിട്ടും, മറ്റു ആനുകൂല്യങ്ങള്‍. അതുവരെ കുട്ടികളെ പഠിപ്പിച്ചു, വീട് വെച്ചു . പക്ഷെ പിന്നിലേക്ക് ചിന്തിച്ചാല്‍ എത്ര റിപ്പോര്‍ട്ട്‌ വെച്ചു, എത്ര മീറ്റിംഗ് നു പോയി എന്നൊക്കെ ഓര്‍ത്താല്‍ സന്തോഷം കിട്ടുമോ.?

നിങ്ങളുടെ പ്രായം നഷ്ട്ടപ്പെട്ടു, ആരോഗ്യം കുറഞ്ഞു, ജീവിതത്തോട് വിരക്തി വന്നു തുടങ്ങി. നടക്കാന്‍ മടി, ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടിലാത്ത അവസ്ഥ. ചില കാലാവസ്ഥ പറ്റില്ലാ, അങ്ങനെ ബുദ്ധിമുട്ടുകള്‍ അനവധി.

ആ സമയത്ത് ഇഷ്ടംപോലെ സമയം ഉണ്ട്. ലീവ് എടുക്കേണ്ട കാര്യം ഇല്ല. പക്ഷെ. അതുകൊണ്ട് നഷ്ട്ടപ്പെട്ടു പോയ സമയവും സന്തോഷവും തിരിച്ചു കിട്ടുമോ.?

പണം
ശമ്പളം കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നതിന്റെ പാട്.. എല്ലാത്തിനും വിലക്കൂടുതല്‍. അതിന്‍റെ ഇടയില്‍ എങ്ങനെ യാത്ര പോകും?

ജാതകത്തില്‍ ഇപ്പോള്‍ മോശം സമയം ആണ്. ഒരു പൂജ ചെയ്യണം.
എത്രയാകും
ഒരു 25,൦൦൦ രൂപ.
അതുകൊണ്ട് ദോഷം മാറുമോ.?
അങ്ങനെ ഉറപ്പു പറയാന്‍ പറ്റുമോ .?
പൂജ ചെയ്യണം. പിന്നെ നന്നായി പ്രാര്‍ത്ഥിക്കുക. ബാക്കി എല്ലാം വിധി പോലെ നടക്കും. നമുക്ക് ചെയ്യാന്‍ ഉള്ളത് നമ്മള്‍ ചെയ്യണം.
അങ്ങനെ കടം വാങ്ങി പണം ഉണ്ടാക്കുന്നു. പൂജ നടക്കുന്നു.

പള്ളി പുതുക്കി പണിയണം. എല്ലാ വീട്ടില്‍ നിന്നും ഇത്ര രൂപ വെച്ചു തരണം.
എന്ത് ചെയ്യും? മാമോദീസ, മനസമ്മതം , കല്യാണം, മരിപ്പ് .. ഇതിനോകെക് പള്ളി വേണം. കാശ് എങ്ങനെ എങ്കിലും ഒപ്പിച്ചു കൊടുത്തേക്കാം.

ഒരു നെഞ്ച് വേദന വന്നു. ഡോക്ടറെ കണ്ടു.
കുറെ ടെസ്റ്റ്‌ ചെയ്യണം. അതും ഡോകാട്ര്‍ പറഞ്ഞ സ്ഥലത്ത് തന്നെ ചെയ്യണം. എല്ലാം ചെയ്തു. ചിലവൊന്നും നോക്കിയില്ല. കാശ് കടം വാങ്ങി.
അവസാനം രോഗം ഒന്നും ഇല്ല. ഭാഗ്യം.
ആ ടെസ്റ്റ്‌ ഒക്കെ വായിച്ചു ഗൂഗിള്‍ ചെയ്തു നോക്കിയാല്‍ നമുക്ക് തന്നെ മനസിലാവും രോഗം ഉണ്ടോ ഇല്ലയോ എന്ന്. അപ്പോള്‍ പിന്നെ എന്തിനാ ഒരു ഡോക്ടര്‍.??

ഇതിനൊക്കെ പണം ഉണ്ടെങ്കില്‍ എനിക്ക് യാത്ര ചെയ്യാനും പണം ഉണ്ട്.

യാത്ര ചെയ്യാൻ ഉള്ള ബുദ്ധിമുട്ട്
ഓഫീസ് ആവശ്യത്തിന് എവിടെപോകാനും പ്രശ്നമില്ല. അഥവാ പ്രശ്നം ഉണ്ടെങ്കിലും പോകും. വേറെ നിവർത്തി ഇല്ലല്ലോ. അപ്പോൾ പിന്നെ ഒരു യാത്ര പോവാൻ ഉള്ള ബുദ്ധിമുട്ട് വെറും കള്ളത്തരം ആണ്. മടിയാണ്.

🤔 അപ്പൊ താൻ എന്താ ഈ പറഞ്ഞു വരുന്നത് ?
ഞാൻ പറയുന്നത് ഇത്രേ ഉള്ളൂ… ലീവ് എടുത്ത് യാത്ര ചെയ്യൂ.
നടക്കാനും ചവിട്ടുപടി കയറാനും ആവത്തുള്ളപ്പോൾ യാത്ര ചെയ്യൂ. കൂട്ടുകാരോടൊപ്പവും കുടുംബത്തോടൊപ്പവും യാത്ര ചെയ്യൂ.

‍‍‍‍
മക്കൾക്ക് വർഷത്തിൽ 3 വെക്കേഷൻ ഉണ്ട്. അപ്പോഴെല്ലാം യാത്ര ചെയ്യൂ. ദിവസവും ഉള്ള ഫോർമൽ വർത്തമാനം അല്ലാതെ അവരുടെ കൂടെ കൂടുതൽ സംസാരിക്കാം. ഓഫീസിലെ ഇന്ക്രീമെന്റ്, പ്രമോഷൻ, പരദൂഷണം, പ്രാരാബ്ധം അല്ലാതെ മറ്റു പ്രായത്തിൽ ഉള്ളവരുടെ വിശേഷങ്ങൾ കേൾക്കാം. അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ വിശേഷങ്ങൾ കേൾക്കാം. നിങ്ങളുടെ പഴയ വീരകഥകൾ പറയാം.
വലിയ ദൂരവും കുറെ ദിവസവും ഒന്നും വേണ്ട.പക്ഷെ എല്ലാവരെയും കൂടി പോണം. ഓഫീസ് ഫോണും ലാപ്ടോപ്പും വീട്ടിൽ വെച്ചിട്ട് പോണം. അവിടത്തെ സകല ടെൻഷനും മനസ്സിൽനിന്ന് ഇറക്കി വെച്ചിട്ട് പോണം.


ഉല്ലാസയാത്ര താല്പര്യം ഇല്ലെങ്കില്‍ വല്ല ആരാധനാലയവും സന്ദര്‍ശിക്കാം. അപ്പോള്‍ അവിടെ അടുത്ത് നല്ലരു സ്ഥലം ഉണ്ടെങ്കില്‍ അവിടേക്കും പോവാം. ഒന്നും പറ്റിയില്ലെങ്കില്‍ രാത്രി ഒന്ന് ഇറങ്ങി നടക്ക്. രാത്രി എല്ലാ നാടിനും വേറെ മുഖമാണ്. വേറെ അനുഭവം ആണ്.

പിന്നെ കുറെ ഫോട്ടോ എടുക്കണം.
വർഷങ്ങൾക്ക് ശേഷം ആ ഫോട്ടോകൾ എടുത്ത് നോക്കുമ്പോൾ കാണാം, അന്ന് മകന് മീശ മുളച്ചിട്ടില്ലലോ, മകൾ എത്ര ചെറിയ കുട്ടി ആയിരുന്നു, ഭാര്യ കൂടുതൽ സുന്ദരി ആയിരുന്നു, സ്വന്തം മുടി ഇത്രക്ക് നരച്ചിട്ടില്ല, നെറ്റി ഇത്രയ്‌ക് കയറിയിട്ടില്ല. അങ്ങനെ പലതും. അതിനൊരു കൌതുകം ഉണ്ട്.
അതിലുപരി ഓരോ യാത്രയും ഓരോ ഓർമ്മകൾ ആണ്. വർഷങ്ങൾക്ക് ശേഷം ആ ഒരു മാസത്തെ ബജറ്റ് അൽപ്പം ടൈറ്റ് ആയിരുന്നു എന്നല്ല ഓര്‍മ വരിക, ആ യാത്രയിലെ സുന്ദര നിമിഷങ്ങൾ ആണ് ഓര്‍മ വരിക. വിലമതിക്കാനാവാത്ത മനോഹരമായ ഓർമ്മകൾ.


നല്ല ഓര്‍മ്മകള്‍ തന്നെയാണ് ഏറ്റവും വലിയ സമ്പാദ്യം. സമയവും ആരോഗ്യവും ഉള്ളപ്പോള്‍ അത് ജോലി ചെയ്ത് തീര്‍ക്കാതെ നമുക്ക് ചുറ്റുമുള്ള ലോകം കാണാനും അല്പം സമയം ചിലവിഴിക്കൂ.. നമുക്കുള്ള സൗഭാഗ്യങ്ങള്‍ ഇല്ലാത്ത ഒരുപാടുപേര്‍ യാത്രയെ സ്വപ്നം കണ്ടു കഴിയുന്നുണ്ട്. അപ്പോള്‍ നമുക്കുള്ള ഭാഷാ പരിജ്ഞാനവും, വാഹനം ഓടിക്കാനുള്ള കഴിവും, വരുമാനവും ഒന്നും ഇല്ലാത്ത പലരും ഇവിടെ യാത്ര ചെയ്യുനുണ്ട്. അപ്പോള്‍ എന്തുകൊണ്ട് നമ്മള്‍ക്ക് ആയിക്കൂടാ ?
എല്ലാവര്‍ക്കും കൊച്ചു കൊച്ചു സന്തോഷങ്ങളും വിലമതിക്കാനാകാത്ത ഓര്‍മകളും സമ്മാനിക്കുന്ന യാത്രകള്‍ സാധ്യമാവട്ടെ. ആശംസകള്‍.
- Njan Arun

Comments

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )