നായകന്‍ (story)


 ഭാഗം ഒന്ന്  -ആരംഭം


  
  ലോകം വിജയിക്കുന്നവന്റെ കൂടെ ആണ് . പരാജിതനെ ചരിത്രം ഒര്‍ത്തുവെയ്ക്കില്ല. അവന്റെ നാമം എവിടെയും എഴുതപ്പെടില്ല . അത് അവനു അറിയാം. അവന്‍ രാഘവന്‍ . യുദ്ധവും മരണവും തൊട്ടു മുന്‍പില്‍ നില്‍ക്കുന്നു. കയ്യെത്തും ദൂരത്തു. ഇന്നലെ വരെ അവന്‍ ഒരു സാധാരണ പോരാളി ആയിരുന്നു. ഇരുമ്പ് പോര്ച്ചട്ടക്കുള്ളില്‍ ജീവന്‍ ഒളിപ്പിച്ചു വേട്ടയാടുന്നവന്‍. നരനായട്ടുകാരന്‍ .
ആകാശം മേഘാവൃതമാണ് .ചന്ദ്രന്റെ പ്രഭയെ അത് മറക്കുന്നു. അവന്റെ ചുറ്റും പോരാളികളാണ്. മുറിവ് വെച്ച് കെട്ടുന്നവര്‍ അടക്കം 23 പേര്‍ മാത്രം . യുദ്ധം രാജാവിനു വേണ്ടിയാണു. മണ്ണ് പിടിച്ചെടുക്കാന്‍. അസ്ഥിരമായ ,അനിശ്ചിതമായ ജീവിതത്തില്‍ അവന്‍റെ ആഗ്രഹങ്ങള്‍ അവസാനിക്കുന്നില്ല. ഒന്നും കൂടെ കൊണ്ടുപോകനകാത്ത മരണത്തിന്റെ വാതില്‍ ഏതുനിമിഷവും അവന്‍റെയും മുന്നില്‍ തുറക്കപ്പെടും. അതെക്കുറിച്ച് ചിന്തികാതെ മണ്ണിനോടുള്ള ആര്‍ത്തിയുമായി ജീവിതം തള്ളി നീക്കുന്നു.. മണ്ടത്തരം.
ഇവര്‍ യുദ്ധം ചെയ്യാന്‍ വന്നവരാണ്,യുദ്ധം അനുകൂലം ആയിരുന്നില്ല . സേനാനായകന്‍ കൊല്ലപ്പെട്ടു.എല്ലാവരും ചിതറി ഓടി.ശത്രുക്കള്‍ പിന്തുടര്‍ന്ന് ആക്രമിച്ചു.അവസാനം 23 പേര്‍ അവശേഷിച്ചു .. പരാജിതരായി അവര്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു .നായകനില്ലാതെ മുറിവുകളും പരാജയവും പേറി നാട്ടിലേക്ക് .
അപ്പോഴാണ് രാഘവന്‍ സംസാരിച്ചത് .. അവന്‍ അതുവരെ അവരില്‍ ഒരുവന്‍ മാത്രം ആയിരുന്നു. പക്ഷെ അവനതു പറഞ്ഞെ തീരുമായിരുന്നുള്ളൂ .അവന്‍ എല്ലാവരോടും ഒരു കാര്യം ചോദിച്ചു ,ഒരു ചോദ്യം ."യുദ്ധത്തില്‍ തോറ്റു തിരിച്ചുവന്നവന്‍റെ പിന്മുരക്കരനായി നിങ്ങളുടെ ഭാവിതലമുറ അറിയപെടും, അത് നിങ്ങള്‍ക്ക് സമ്മതമാണോ .?"
എല്ലാവരും അവനെ ചോദ്യ ഭാവത്തില്‍ നോക്കി.
അവന്‍ പിന്നെയും സംസാരിച്ചു.."ഇനി ജനിക്കാനിരിക്കുന്ന കുഞ്ഞു നിങ്ങളുടെ പരാജയഭാരവും പേറിയാകും ഭൂമിയിലേക്ക്‌ വരുക.. നിങ്ങളുടെ മകന്‍ നാളെ തോറ്റു തിരിച്ചുവന്നവന്‍റെ മകന്‍ എന്ന് വിളിക്കപ്പെടും. ആലോചിക്കൂ .. എന്നാല്‍, നിങ്ങള്‍ യുദ്ധത്തില്‍ മരിച്ചുവീണാല്‍ അവന്‍ നാളെ ഒരു ധീരന്‍റെ മകനായി അറിയപ്പെടും.. യുദ്ധത്തില്‍ വീരമൃത്യു വരിച്ചവന്‍റെ മകനായി അറിയപ്പെടും .. ചിന്തിക്കു.. ഇതില്‍ ഇതാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?"
കുറച്ചു നേരത്തേക്ക് ആരും ഒന്നും പറഞ്ഞില്ല..അവനില്‍ നിന്നും ആരും അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. വാക്കുകളുടെ ശക്തി ,അത് അത്ഭുതകരമാണ് .നിമിഷങ്ങള്‍ക്കകം അവര്‍ യുദ്ധത്തിനു സജ്ജരായി.. മരണം ഉറപ്പാക്കിയ പോരാട്ടത്തിനു.. അവന്‍റെ വാക്കുകള്‍ അത്ഭുതം പ്രവര്‍ത്തിച്ചു. ബാക്കിയുള്ള സൈന്യത്തെ മുഴുവന്‍ കൊന്നൊടുക്കിയ എതിരാളിയുടെ സൈന്യത്തിന് സ്വയം കുരുതി കൊടുക്കാന്‍ അവര്‍ ഒരുങ്ങി.
ആകാശം മേഘാവൃതമാണ് .ചന്ദ്രന്റെ പ്രഭയെ അത് മറക്കുന്നു. അവന്റെ ചുറ്റും പോരാളികളാണ്. ഇപ്പോള്‍ അവന്‍ അവരുടെ നായകനാണ്.. സേനാനായകന്‍. ഒരു ചാവേര്‍കൂട്ടത്തിന്‍റെ നായകന്‍. അവനു യുദ്ധം ചെയ്തെ തീരു. അവസാന ശ്വാസം പ്രണനുമായി ദേഹം വിടുന്ന നിമിഷംവരെ . ഭീരുവിനെപോലെ പിന്തിരിഞ്ഞ് ഓടിമറയാതെ ധീരനായി രണഭൂമിയില്‍ പോരാടി മരിച്ചു വീഴണം.
അവര്‍ ഇപ്പൊ ഒരു തടാകത്തിന്‍റെ കരയിലാണ് . അവന്‍ തടാകതിനടുത്തേക്ക് നടന്നു . തടാകത്തില്‍ ചന്ദ്രന്‍റെ പ്രതിബിംബം കാണാം . പക്ഷെ മഴക്കാറുകള്‍ അതിനെ ഇടയ്ക്കിടയ്ക്ക് മറയ്ക്കുന്നു.
അവന്റെ മനസു ഇപ്പോള്‍ ചിന്തകളുടെ കൂമ്പാരമാണ്.. അവ ഒന്നിനുപുറകെ ഒന്നായി അവനെ വെട്ടയാടികൊണ്ടിരുന്നു. ജയിക്കണം, എങ്ങനെയെങ്ങിലും ജയിക്കണം . പക്ഷെ ജീവിതത്തില്‍ ഇന്നേ വരെ പരാജയം അവനെ എന്നും കീഴ്പെടുതിയിട്ടെ ഉള്ളു. .പിന്നിട്ട കാലത്തില്‍ അവനു ചേരുന്ന വിശേഷണം ഒന്നേ ഉള്ളൂ, പരാജിതന്‍ എന്ന്..
എന്നും പരാജയപ്പെട്ടുകൊണ്ടിരിക്കെ ഒരു കൊച്ചു വിജയം അവന്‍ നേടി.. ഒരു പ്രണയം. അവള്‍ അവനെപോലെ , സ്വപ്‌നങ്ങള്‍ മാത്രം സമ്പാദ്യമായി ഉള്ളവള്‍. അവന്‍ അവളെ വല്ലാതെ പ്രണയിച്ചിരുന്നു..അവള്‍ അവന്‍റെതായിരുന്നു.. ആ ദിവസം വരെ.
അന്ന് രാജാവ്‌ നാടുകാണാന്‍ ഇറങ്ങി.. അയാളുടെ കണ്ണ് അവളുടെ മേല്‍ പതിച്ച നിമിഷം, ആ നശിച്ച നിമിഷം ... എല്ലാം മാറി. അവളെ അവനു നഷ്ടപ്പെട്ടു.. കണ്മുന്നിലൂടെ അവളെ വലിച്ചിഴച്ചുകൊണ്ടു പോകുന്നത് നിസ്സഹായനായി നോക്കി നില്‍ക്കേണ്ടിവന്നു. പരാജിതന്‍. ഒന്നിനും കൊള്ളാത്തവന്‍.
അവന്‍റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും അന്ന് കേട്ടടങ്ങിയതാണ് .സത്യത്തില്‍ അവന്‍ അന്ന് മരിച്ചു. കാരണം സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇല്ലാത്ത ജീവിതം മൃതിക്ക് സമം .രാജകൊട്ടാരത്തിന്റെ ഇരണ്ട മൂലകളില്‍ എവിടെയെങ്കിലും ഇപ്പോഴും ഒരു അടക്കിപിടിച്ച തേങ്ങല്‍ ഉയരുന്നുണ്ടാവും.അവള്‍ ഇപ്പോള്‍ രാജാവിന്റെ പാനപാത്രങ്ങളില്‍ ഒന്നാണ് ‍..
ആ രാജാവിന്‌ വേണ്ടിയാണ് അവന്‍ യുദ്ധം ചെയ്യുന്നത്.. തടാകത്തിലെ ചന്ദ്രബിംബം കാര്‍മേഘങ്ങള്‍ മറച്ചു.
ഇരുട്ട്.
അവന്‍റെ ജീവന്‍ അയാള്‍ പറിച്ചെടുത്തു. അതിനു ശേഷമാണ് അവന്‍ സൈന്യത്തില്‍ ചേര്‍ന്നത്‌. ജീവനില്ലാത്ത ദേഹം ഇനിയെന്തിന് എന്ന് തോന്നി. ഒരിക്കല്‍ ഇനി അയാള്‍ക്ക് വേണ്ടി ഈ ദേഹം വെടിയണം. അതിനുമുന്‍പ്‌ ആരുടെയൊക്കെയോ ജീവന്‍ തന്റെ വാള്‍മുനയാല്‍ മുറിച്ചെടുക്കണം. വാളിന്റെ സീല്‍ക്കാരം അവന്‍ ഞെട്ടലോടെ ഓര്‍ത്തു.
വീണ്ടും ചിന്തകള്‍ കുമിഞ്ഞു കൂടി. എന്താണ് ജയം..ആരുടെയെങ്ങിലും മകനെയും, ഭര്‍ത്താവിനെയും, സഹോദരനും, കാമുകനെയും ഒക്കെ കൊന്നും ബാലികൊടുതും അന്തപുരത്തില്‍ സുഖലോലുപനായി കഴിയുന്ന മഹാരാജാവിന്‍റെ സാമ്രാജ്യം വലുതാക്കുന്നതോ.? അവിടെ പരാജയപ്പെടുന്നത് യോധവാണ്. യജമാന്റെ ഉല്ലാസത്തിനായി വേട്ടയാടുന്ന നായയെ പോലെയാകുന്നു ഓരോ യോദ്ധാവും.
അവന്‍ തിരിഞ്ഞു നോക്കി.എല്ലാവരും പടയോരുക്കത്തിലാണ്. ലോകം ജയിക്കുന്നവന്റെ കൂടെയാണ്. തൊട്ടവര്‍ക്കും തോറ്റൊടിയവര്‍ക്കും അവിടെ സ്ഥാനമില്ല. യോധക്കള്‍ക്കും..!! ജയം രാജാവിന്‌ അവകാശപ്പെട്ടതാണ്. അവിടെ ചോരയോഴുക്കിയവര്‍ക്കും മരിച്ചുവീണവര്‍ക്കും സ്ഥാനമില്ല. രാജാക്കന്മാര്‍ തമ്മിലാണ് യുദ്ധം, അവിടെ ജയിക്കുന്നവന്‍ രാജാവ്‌ മാത്രമാണ്..
ഇന്ന് അവനൊരു യോധവാണ് .രാജവിനോടുള്ള ആരാധനയും രാജ്യത്തോടുള്ള സ്നേഹവും, ജയത്തിനോടുള്ള അടങ്ങാത്ത ത്വരയും യോദ്ധാവിനെ യുധസജ്ജനക്കുന്നു. എന്നാല്‍ ഇതൊന്നും ഇപ്പോള്‍ അവനിലില്ല. ആര്‍ക്കുവേണ്ടിയാണ് അവന്‍ ഇപ്പോള്‍ വീണ്ടും ആയുധം എടുക്കുന്നത് എന്നും അവനറിയില്ല.
തന്നെ വിശ്വസിച്ച് അവസാന അങ്കത്തിനിറങ്ങിയ യോദ്ധാക്കളെ അവന്‍ നോക്കി. ഈ യുദ്ധത്തിനു അവനുമുന്നില്‍ ഇപ്പോള്‍ ന്യായങ്ങള്‍ ഇല്ല.. കുറച്ചു നേരത്തെ അവന്‍ ചവച്ചു തുപ്പിയ വാക്കുകള്‍ ഇപ്പോള്‍ അവനെ നോക്കി പല്ലിളിക്കുന്നു.

ഭാഗം രണ്ട് - രാത്രിയിലെ ഉദയം
അവന്‍ മറ്റുള്ളവരെ നോക്കി. അവര്‍ ഓര്‍മകളില്‍ മുഴുകി ഇരിക്കുകയാണ്. അവരുടെ മാതാപിതാക്കളെയും കുടുംബത്തെയും കുറിച്ചുള്ള ഓര്‍മകളില്‍. ഓര്‍മകളും സ്വപ്നങ്ങളും ആണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. അവന്റെ സ്വപ്‌നങ്ങള്‍ എന്നേ അപ്രത്യക്ഷമായിരിക്കുന്നു. കൂട്ടിനു ഓര്‍മകകളും ഇല്ല.
ആര്‍ക്കാണ് പിറന്നതെന്നു അവനു അറിയില്ല. അവന്റെ അറിവോ സമ്മതമോ ഇല്ലാതെ ആരുടെയോ ക്ഷിപ്രസുഖത്തിന്റെ, തെറ്റിന്റെ ഫലമായി അവന്‍ പിറന്നു വീണു.എല്ലായിടത്തും അവഗണന മാത്രം. രാഘവന്‍ എന്ന വ്യക്തിക്ക് ഒരു അസ്ഥിത്വം വേണമെങ്ങില്‍ അത് അവന്‍ തന്നെ ഉണ്ടാക്കിയെടുക്കേണ്ടിയിരുന്നു. എല്ലാത്തിനോടും വിരക്തിയും വെറുപ്പും നിറഞ്ഞ ജീവിതവും പേറി നടന്ന അവനില്‍ സ്വപ്‌നങ്ങള്‍ നിറച്ചത് അവള്‍ ആണ്.. എന്നാൽ ഇന്ന് അവള്‍ ഒരു നടുക്കുന്ന ഒർമമാത്രം.
ഒരു കുതിരകുളമ്പടിയാണ് അവന്റെ ചിന്തയെ മുറിച്ചത്. എല്ലാവരും ആയുധം കയ്യില്‍ എടുത്തു. അകാരണമായ ഒരു ഭയം എല്ലാവരിലും പടർന്നു പിടിച്ചു. ആയുധം ഏന്തിയ കൈകളില്‍ വിറയല്‍ ഇല്ലെങ്കിലും ഉള്ളില്‍ വിറച്ചുകൊണ്ട് അവര്‍ ആ ഇരുട്ടിനെ നോക്കി നിന്നു. ഇരുട്ടിനെ, നിശബ്ദതയെ ഭേദിച്ചു ആ കുതിരകുളമ്പടിയുടെ ശബ്ദം മുഴങ്ങുന്നു.
അവസാനം ഒരു കറുത്ത കുതിര അവർക്കു മുന്നില്‍ വന്നു നിന്നു. അതിന് മുകളിൽ നിന്ന് കൊട്ടാരത്തിലെ സന്ദേശ വാഹകന്‍ ചാടിയിറങ്ങി. അയാള്‍ അവർക്കുള്ള സന്ദേശം അറിയിച്ചു. യുദ്ധം അവസാനിച്ചിരിക്കുന്നു . അയൽരാജ്യവുമായി രാജാവ്‌ സന്ധി ചെയ്തു . അതിന് രാജ്യത്തിന്റെ കുറച്ചു ഭാഗം വിട്ടുകൊടുക്കേണ്ടി വന്നു . അതുകൊണ്ട് ഈ യുദ്ധത്തില്‍ പരാജയപ്പെട്ട് രാജാവിനെ നാണംകെടുത്തിയ സൈനികരെ എല്ലാവരേയും രാജ്യത്തുനിന്ന് പുറത്താക്കി രാജാവ് ഉത്തരവിട്ടിരുന്നു...
എല്ലാവരും തരിച്ചു നിന്നുപോയി. എങ്ങും അസ്വസ്തതയുടെ ശബ്ദങ്ങള്‍. അടക്കി പിടിച്ച ചർച്ചകള്‍, ശാപവാക്കുകള്‍. കേട്ടത് വിശ്വസിക്കാന്‍ ആകാതെ എല്ലാവരും സ്തബ്ധരായിരുന്നു. സന്ദേശ വാഹകന്‍ തിരിച്ചു പോയി. നിരാശയോടെ ചിലര്‍ നിലത്തിരുന്നു. ചിലര്‍ ആയുധം വായുവില്‍ ദേഷ്യത്തോടെ വീശി.
രാഘവന്‍ ഒന്ന് മന്ദഹസിച്ചു.. അവനു അതില്‍ അത്ഭുതം ഒന്നും തോന്നിയില്ല.. "വേട്ടനായ്ക്കളെ യജമാനന്‍ കല്ലെറിഞ്ഞു ഓടിക്കുന്നു " അവന്‍ ഉറക്കെ പറഞ്ഞു. എല്ലാവരും അവനെ നോക്കി. എല്ലാവരും രാഘവന്റെ ചുറ്റും കൂടി. പരാജയെപ്പെട്ടതിലും വലിയ വേദനയാണ് ഇത്. അവര്ക്ക് രക്തം മരവിക്കുംപോലെ തോന്നി. അവസാനം അവര്‍ രാജ്യ ഭ്രഷ്ടര്‍ ആയിരിക്കുന്നു. പുറത്താക്കപെട്ടിരിക്കുന്നു.
രാഘവന്‍ എല്ലാവരെയും നോക്കി. അവന്‍ പുച്ഛത്തോടെ പറഞ്ഞു. "നമ്മള്‍ രാജാവിന്റെ വേട്ടനായ്ക്കളാണ്. അയാള്‍ എറിഞ്ഞു തരുന്ന എല്ലിന്‍ കഷ്ണത്തിന് വേണ്ടി ചോര ചിന്തുന്നവര്‍. നമുക്ക് വികാരമോ വിചാരമോ പറഞ്ഞിട്ടില്ല..ഇപ്പോള്‍ യജമാനന് വേട്ട മടുത്തു, അതുകൊണ്ട് നമ്മളെ കല്ലെറിഞ്ഞു ഓടിക്കുന്നു." അവന്‍ എല്ലാവരെയും നോക്കി. അവര്‍ ലജ്ജയോടെ തലകുനിച്ചു നില്ക്കുന്നു. പക്ഷെ അവർക്കുള്ളിൽ രോക്ഷം പതഞ്ഞു പൊങ്ങുന്നുണ്ട്.
അവന്‍ ശബ്ദം ഉയർത്തി "ഇനി ഒരു ചോദ്യം മാത്രം...." എല്ലാവരും തലയുയർത്തി അവനെ നോക്കി....
രാഘവന്‍ മുഴങ്ങുന്ന ശബ്ദത്തില്‍ ചോദിച്ചു.."പിന്തിരിഞ്ഞു ഓടണോ അതോ യജമാനനെ കടിച്ചു കീറണോ.." ചക്രവാളത്തിന്റെ കോണില്‍ ഒരു മിന്നല്‍ പഞ്ഞുപോയി.. ആ വെളിച്ചത്തില്‍ അവന്റെ ദൃഢമായ മുഖം എല്ലാവരും കണ്ടു. ദിക്കുകള്‍ വിറപ്പിച്ചുകൊണ്ട്‌ ഇടിമുഴങ്ങി. യോദ്ധാക്കള്‍ മുഖത്തോടു മുഖം നോക്കുന്നു. അവരുടെ മുഖത്ത് ‌ അമ്പരപ്പ്. ഏവരിലും അവിശ്വസനീയത നിഴലിക്കുന്നു.
അവന്‍ ഉറച്ച ശബ്ദത്തില്‍ തുടർന്നു, "സേനാനായകന്‍ ഇല്ല, സൈന്യം ഇല്ല. കൂടെയുള്ളത് കുറച്ചു അംഗ രക്ഷകര്‍ മാത്രം . രാജാവ്‌ ഏകനാണ്.. തീരുമാനം എടുക്കേണ്ടത് നിങ്ങളാണ് , ഒരു പട്ടിയെപോലെ ഏറു ഭയന്ന് ഓടി ഓടി ജീവിതം അവസാനിപ്പിക്കണോ , അതോ ജീവിക്കണോ. ഇത്രയും കാലം അനുഭവിച്ച അവഗണനക്കും വേദനക്കും പകരം ചോദിയ്ക്കാന്‍ കിട്ടുന്ന അവസരമാണ് .. ആണുങ്ങളെ പോലെ പകരം ചോദിയ്ക്കാന്‍ ..." അവന്‍ പറഞ്ഞു നിർത്തി എല്ലാവരെയും നോക്കി.
എല്ലാവരും അമ്പരപ്പിലാണ്. പതിയെ അവരും ചിന്തിച്ചു തുടങ്ങി. അവര്‍ ശബ്ദിച്ചു തുടങ്ങി. ഒരു സമ്മതഭാവം എല്ലാവരിലും വന്നു തുടങ്ങി. ഭാവി ഇരുളടഞ്ഞ ഒരു മനുഷ്യ കൂട്ടം. പിറന്ന നാടിനു വേണ്ടി ആയുധമെടുത്തു ഒടുവില്‍ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് അതെ രാജ്യത്തുനിന്ന് പുറത്താക്കപെട്ടവര്‍. അവർക്കുള്ളില്‍ പകയുടെ അഗ്നി ജ്വലിച്ചു തുടങ്ങി. അത് ആളി പടരാന്‍ തുടങ്ങി.
ഓര്‍മകളും സ്വപ്നങ്ങളും ആണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുനത് . ഇപ്പോള്‍ അവന്റെ ഉള്ളില്‍ കത്തിയെരിയുന്ന ഓര്‍മകള്‍ അവനില്‍ ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ നിറയ്ക്കുന്നു. അതെ , അവനു ജീവിക്കണം
മഴ ..മഴ തുടങ്ങി ..ആകാശ രാജാക്കന്മാരുടെ അനുഗ്രഹം അത് ഭൂമിയില്‍ എത്തിക്കുന്നു.. രാഘവന്‍ ഒരു പാറയുടെ മുകളില്‍ കയറി നിന്നു.. അവന്റെ മുകളില്‍ ആകാശം കുടവിരിക്കുന്നു , മഴ അനുഗ്രഹം ചൊരിയുന്നു.. കാര്‍മേഘം തിങ്കളെ മൂടിയിരുന്ന മറ നീക്കി. ചന്ദ്ര കിരണം മഴയോട് കലര്‍ന്ന് അവന്‍റെ മേല്‍ വന്നു പതിച്ചു. കാര്‍വര്‍ണമേനിയില്‍ ചങ്കുറപ്പിന്റെ പോര്‍ച്ചട്ടയണിഞ്ഞ രാഘവന്‍ ശോഭയോടെ തലയുയർത്തി നിന്നു. കാര്‍മേഘങ്ങളുടെ വാള്‍ പയറ്റു നടക്കുന്ന ആകാശ രണ ഭൂമിയില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന മിന്നല്‍പിണരുകള്‍ അവനു ചുറ്റും സ്വര്‍ണപ്രഭ പരതുന്നു.
പെട്ടന്ന്, ഒരേ സ്വരത്തില്‍ അവനു ജയ് വിളികള്‍ ഉയർന്നു .. അവന്‍ തന്‍റെ വാള്‍ മേലെക്കുയര്ത്തി .. ജയ് വിളികള്‍ ഉച്ചത്തിലായി. അതെ... അവിടെ... ഒരു നായകന്‍ ജനിക്കുന്നു...
അവന്‍ ചോദിച്ചു. "ജീവിക്കാനും മരിക്കാനും മുഴുവന്‍ മനസുള്ളവര്ക്ക് വരാം , അല്ലാത്തവര്‍ ഇവിടെ നില്ക്കു ക.. ഫലം എന്തായാലും അനുഭവിക്കാന്‍ ഒരുക്കമാണോ.??"
എല്ലാവരും ഉറക്കെ പറഞ്ഞു "അതെ" 

ഭാഗം മൂന്ന് - അന്ത്യം 
  രാത്രിയുടെ മറവില്‍ ആ ചാവേര്‍ സംഘം  മുന്നോട്ടു നീങ്ങി . അവര്‍ക്ക് പരിചിതമായ  വഴി ആ ഇരുട്ടിലും അവന്റെ മുന്നോട്ടു നയിച്ചുകൊണ്ടിരുന്നു.ലോകം പരാജിതനെ ഓര്‍ത്തു വെക്കാറില്ല , ചരിത്രത്തെ ജയിക്കാന്‍, അവിടെ അവരുടെ പേര് എഴുതിചെക്കാന്‍ ആണ് അവര്‍ പോകുന്നത് ..
  അവര്‍ രാജ്യാതിര്‍ത്തി കടന്നു.അവര്‍ക്ക് അറിയാവുന്ന ഊടുവഴികളിലൂടെ അവര്‍ മുന്നോട്ടു നടന്നു. സംഘം രണ്ടായി പിരിഞ്ഞു .രാജകൊട്ടരതിനുള്ളില്‍ വച്ച് കണ്ടുമുട്ടം എന്നാ ഉറപ്പോടെ..പെട്ടന്ന് കാവല്‍ക്കാര്‍ ഉണര്‍ന്നു, അവരുടെ അമ്പരപ്പ് മാറുന്നതിനു മുന്‍പേ അവര്‍ ആക്രമിച്ചു. വാള്‍ തലപ്പുകള്‍  നിശബ്ദതയെ കീറി മുറിച്ചു.തലകള്‍ നിലതുരുണ്ടൂ .അവര്‍ ഉള്ളില്‍ കയറി, മറ്റേ സംഘം  എത്തിയില്ല, പെട്ടന്ന് രാജാവിന്റെ  അവരെ ആക്രമിച്ചു. ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു . രാഘവന്റെ ആയുധം നഷ്ടപ്പെട്ടു. ചുറ്റും അംഗരക്ഷകര്‍ വളഞ്ഞു .വാള്‍തലപ്പുകള്‍ അവന്റെ ഉടലിനെ ചുംബിക്കുന്നു . ഉഗ്രപ്രതാപിയായ  രാജാവ്‌ അവിടേക്ക് നടന്നടുത്തു..ചോരപുരളാത്ത  തന്റെ സ്വര്‍ണവാളും കയ്യിലേന്തി.
അയാള്‍ ചോദ്യമെറിഞ്ഞു  "രാജാവിനെതിരെ ആയുധമെന്തിയവരെ ഒന്ന്  കാണട്ടെ"
അയാള്‍ അവര്‍ക്ക് മുന്നില്‍ എത്തി" ഈ പടപുരപ്പാടിലെ  നേതാവ് ആരാണ് .??" രാജാവ്‌ എല്ലാവരെയും നോക്കി എന്നിട്ട് ഒരുവനോട്  ചോദിച്ചു "നിയണോ?" അവന്‍ തല താഴ്ത്തി അപ്പൊ മറ്റൊരാളോട്  അതെ ചോദ്യം , അവനും തല താഴ്ത്തി..
"ഞാന്‍ ആണ്" രാഘവന്റെ ശബ്ദം മുഴങ്ങി ,എല്ലാവരും അവനെ നോക്കി.. ക്രുധന്‍ആയ രാജാവ്‌ അത് ഒരു ചിരിയില്‍ മറച്ചു. 
ഇരയെ അടിമുടി നോക്കി  അയാള്‍ തുടര്‍ന്നു .
" രാജാവേ അങ്ങുന്നിന്റെ നാമം എന്താണാവോ .??" 
"ഞാന്‍.......... രാഘവന്‍" അവന്‍ മറുപടി പറഞ്ഞു.. രാജാവ്‌ പൊട്ടിച്ചിരിച്ചു എന്നിട്ട് പറഞ്ഞു
"രാജാവേ , അടിയനു അങ്ങയെ വധിക്കാതെ  നിവര്ത്തിയില്ല  , രാജകോപം ഉണ്ടാവരുത് " 
രാജാവ്‌ ശബ്ദം  ഉയര്‍ത്തി പറഞ്ഞു, "ഇവന്റെ ശിരസു ചെധിക്കു."
  ഇത് പറഞ്ഞതും എങ്ങുനിന്നോ ഒരുകൂട്ടം യോദ്ധാക്കള്‍ അവിടെ ചാടിവീണു. അവരില്‍ നിന്നും പിരിഞ്ഞ കൂട്ടം.പിന്നീടു സംസാരിച്ചത് വാള്‍ മുനകളാണ്..അംഗ രക്ഷകരുടെ സംസാരം ആ യോദ്ധാക്കള്‍  പെട്ടന്ന്  അവസാനിപ്പിച്ചു. രാജാവ്‌ പടികള്‍ ഓടിക്കയറി സിംഹാസനത്തിന്റെ പിന്നില്‍ ഒളിക്കാന്‍ ശ്രമിച്ചു . ചിലര്‍ രാജാവിനെ പിന്തുടര്‍ന്നു ,  .വൈകാതെ  രാജാവിന്റെ തല നിലതുരുണ്ടൂ . ഒഴുകി ഇറങ്ങുന്ന രക്തത്തില്‍ ചവിട്ടി രാഘവന്‍ സിംഹസനതിലേക്ക് നടന്നുകയറി ..
ഒരു രാജാവ്‌  ജനിക്കുന്നു, പുതിയ ചരിത്രവും .
  ലോകം വിജയിക്കുന്നവന്റെ കൂടെ ആണ്, വിജയിയുടെ നാമം അവര്‍ സുവര്‍ണലിപികളില്‍ എഴുതി വെക്കും.. ചരിത്രം രക്തത്തില്‍  മുക്കിയ വാള്‍ തലപ്പുകളാല്‍ രചിക്കപ്പെട്ടതാണ് ..
-അരുണ്‍ 

Comments

  1. well....very nicely written.....but I didn't understand much, I told you naa....but till where I understood it, I liked it....

    ReplyDelete
  2. kollam mone...ninnakku bhaaviyundu......

    ReplyDelete
  3. nannayittund....

    ReplyDelete

Post a Comment

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )