ഈയാംപാറ്റകള്‍
യാത്ര തുടര്‍ന്നുകൊണ്ടേ
ഇരുന്നു. ആ ഇരുച്ചക്രത്തിന്മേല്‍ രണ്ട് ഇരുകാലികള്‍. ഞാനും അവനും.
പ്രകൃതിയെ
വല്ലാതെ സ്നേഹിച്ചാല്‍ തോന്നും മനോഹരമായ ഒരു പെയിന്റിങ്ങില്‍ സെല്ലോ ടേപ്പ്
തലങ്ങനെയും വിലങ്ങനെയും ഒട്ടിച്ചപോലെ ആണ് ഈ റോഡുകള്‍ എന്ന്. അത് പ്രകൃതിയുടെ ഭംഗി
കളയും. പക്ഷെ ഒരു സുന്ദരിയുടെ വടിവുകള്‍ പോലെ ഈ മലന്ചെരിവിലൂടെ വളഞ്ഞു പുളഞ്ഞു
കിടക്കുന്ന റോഡു ഭംഗിയുള്ളതാണ് - ഈ യാത്രയും.
ഞാന്‍ ഹെഡ് ലൈറ്റ് ലേക്ക്
നോക്കി. മൂടല്‍മഞ്ഞിനെ കുത്തി പിളര്‍ക്കാന്‍ എന്നോണം അതിന്റെ വെളിച്ചം കൂര്‍ത്ത
കുന്തം പോലെ നീണ്ടു നില്‍ക്കുന്നു. പെട്ടന്ന് വണ്ടി എവിടെയോ തട്ടി. കുറെ
ശബ്ദങ്ങള്‍. നിലത്തു വീഴുന്നു. ദേഹം ഇടിക്കുന്നു. ഉരയുന്നു, ഉരുളുന്നു. കണ്ണില്‍
ഇരുട്ട് നിറഞ്ഞു.
കുറെ കഴിഞ്ഞു എന്ന് തോന്നുന്നു.
കണ്ണ് തുറന്നു നോക്കി. അവന്‍ അടുത്ത് കിടപുണ്ട്. ചുറ്റും മഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍
മൂടി നില്‍ക്കുന്നു . ഞാന്‍ അവനെ വിളിച്ചു.അവന്‍ ഉണര്‍ന്നു.
ഞങ്ങള്‍ എഴുന്നേറ്റു നിന്നു.
രണ്ട് വെളിച്ചത്തിന്റെ പൊട്ടുകള്‍ കൈ കോര്‍ത്ത്
പിടിച്ചു ഞങ്ങള്‍ക്കടുതെതി. ആ വാഹനം നിന്നു .അതില്‍ നിന്ന് രണ്ട് പേര്‍ ഇറങ്ങി.
നെറ്റിയില്‍ വെളിച്ചം കത്തി കിടക്കുന്ന ഞങ്ങളുടെ ബൈക്ക് കണ്ടു ഈയാംപാറ്റകളെ പോലെ
അവര്‍ ഓടുകയാണ്. ഞങ്ങളെ ഗൌനിക്കാതെ. ഞാന്‍
പിന്നാലെ ചെന്നു, അവരെ വിളിച്ചു.അവര്‍ വിളി കേള്‍ക്കുന്നില്ല. അവനും ഞാനും അവരുടെ
അടുതെത്തി.
അവര്‍ അപ്പോഴും ഞങ്ങളെ
കണ്ടില്ല. ഞങ്ങളുടെ ബൈകിന്റെ അപ്പുറത്ത് ചോര വാര്‍ന്നു കിടക്കുന്ന രണ്ടുപേരെ
വാരിയെടുക്കുന്ന തിരക്കിലായിരുന്നു അവര്‍.
Comments
Post a Comment