ജന്മം

ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. അതിന്റെ കാര്യം ഇനി ഞാൻ വിവരിക്കുന്നില്ല. എനിക്ക് വീണ്ടും സ്വയം വെറുപ്പ് തോന്നും. സിനിമയിൽ കാണുന്നതുപോലെ "വിഷം" എന്നെഴുതിയ കുപ്പി കടയിൽ വാങ്ങാൻ കിട്ടില്ല. അതുകൊണ്ട് മുണ്ടിൽ കുരുക്കിട്ട് തൂങ്ങി ചാവാൻ തീരുമാനിച്ചു.
വീട്ടിൽ മുറിയിൽ വന്ന് ഇരിക്കുന്നു. എല്ലാം യാന്ത്രികമാണ്. ചിന്തകൾ മനസിനെ ഉഴുതു മറിക്കുന്നുണ്ട്. എല്ലാവരും ഉറങ്ങി കഴിഞ്ഞാൽ എല്ലാം അവസാനിപ്പിക്കാം.
മുറിയിൽ മൊബൈലിലും പിടിച്ച് ഇരുന്നു. എന്നും അങ്ങനെ ആണ് ഇരികാറുള്ളത്. അച്ഛനും അമ്മയും ഹാളിൽ TV കണ്ട് ഇരിക്കുന്നുണ്ടാവും. അവരെങ്ങാൻ മുറിയിൽ കയറി വന്നാൽ പോകുന്നതു വരെ എന്തോ ഒരു അസ്വസ്ഥതയാണ്.


എന്തോ ഇന്ന് അമ്മ മുറിയിൽ കയറി വന്നു. ആരുടെയോ കോൾ വന്നതാണ്. കയ്യിൽ മൊബൈലും പിടിച്ച് എന്റെ കട്ടിലിൽ വന്നിരുന്നു.
അൽപ്പം വിഷമം ഉണ്ട് മുഖത്ത്. ഞാൻ ശ്രദ്ധിച്ചില്ല. എനിക്ക് തന്നെ വിഷമിക്കാൻ കുറെ ഉണ്ട്.
"സത്യമാമൻ ആണ് വിളിച്ചത്. സന്ധ്യയുടെ(മാമന്റെ മകൾ) കുട്ടി അബോർഷനായി പോയി."
ഞാൻ ഒന്ന് ഞെട്ടി. അവളുടെ വയറു കാണൽ ഒക്കെ കഴിഞ്ഞതാണ്. പ്രസവ ദിവസം അടുത്തസമയം ആണ്.
അമ്മയുടെ കണ്ണ് നിറഞ്ഞു "ഇത്രേം ആയിട്ട്.. ചേട്ടൻ കരയാ ഫോണില്.. ഞാൻ ചേട്ടൻ കരയുന്നത് കേട്ടിട്ടില്ല ഇതുവരെ"
ഇതും പറഞ്ഞു അമ്മയും കരച്ചിൽ തുടങ്ങി.
സന്ധ്യയും അളിയനും ബാംഗ്ലൂരിൽ നല്ല ജോലി ആയിരുന്നു. കുട്ടികൾ ഉണ്ടാവാതെ ജോലി രാജി വെച്ച് നാട്ടിൽ വന്നു ചികിത്സ ആയിരുന്നു. 6 വർഷമായി. ഇപ്പോഴാണ് അവൾ ഗർഭിണി ആയത്. എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു. എനിക്കും ഉള്ളിൽ ഒരു വിങ്ങൽ പോലെ. കണ്ടിട്ടില്ലാത്ത, ആണാണോ പെണ്ണാണോ എന്നറിയാത്ത ഒരു കുഞ്ഞിനെ ഓർത്താണ് ഈ വിങ്ങൽ.
അമ്മ കരച്ചിൽ നിർത്തി.
"നിന്നെ ഇതുപോലെ എത്ര കാത്തിരുന്നു കിട്ടിയതാ. എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്ന് പറഞ്ഞതാ. അച്ഛനോട് എന്നെ ഉപേക്ഷിക്കാൻ പറഞ്ഞതാ എല്ലാവരും. അച്ഛന് അന്ന് ഭക്തിയും വിശ്വാസവും ഇല്ല. ജാതകം നോക്കാതെ സ്നേഹിച്ചു കല്യാണം കഴിച്ചതാണ്. അതുകൊണ്ട് രണ്ടു വീട്ടുകാർക്കും ഇത് വേണ്ടെന്ന് വെക്കാൻ നല്ല താല്പര്യം ആയിരുന്നു. എന്തോ ഭാഗ്യത്തിന് ഞാൻ ഗർഭിണിയായി. എല്ലാം നന്നായി പോയി.
പക്ഷെ ജനിച്ചപ്പോൾ നീ കരഞ്ഞില്ല..."
ഞാൻ ഇത് പണ്ടേ കേട്ടിട്ടുണ്ട്. നിസാര കാര്യത്തിന് കരച്ചിൽ വരുന്ന എന്നെ പലരും കളിയാക്കും. അപ്പോൾ അമ്മ പറയും "അവൻ ജനിച്ചപ്പോൾ കരഞ്ഞില്ല. അതുകൊണ്ടാ ഇപ്പോ കരയുന്നത്. സാരമില്ല " എന്ന്...
അമ്മ തുടരുകയാണ് "സിസേറിയൻ ആയിരുന്നു. എന്നെ ബോധം കെടുത്തി ഇട്ടേക്കല്ലേ? പക്ഷെ എനിക്ക് എല്ലാം അറിയാൻ ഉണ്ടായിരുന്നു. വയറു മുറിക്കുന്നത്, ബ്ലീഡിങ് കൂടി എന്ന് പറയുന്നത്. പിന്നെ കുഞ്ഞിനെ പുറത്ത് എടുത്തു. അപ്പോൾ കുഞ്ഞിന് ശ്വാസം ഇല്ല. കരയുന്നില്ല. എനിക്ക് കണ്ണ് തുറക്കണം എന്നുണ്ട്. കൈ ഉയർത്തി നിന്നെ തൊടണം എന്നുണ്ട്. പക്ഷെ പറ്റണ്ടേ. ദേഹം അനങ്ങുന്നില്ല. പിന്നെ ആകെ എന്തൊക്കെയോ ബഹളം. പിന്നെ എന്റെ ഓർമയും പോയി. പിന്നെ ബോധം വന്നപ്പോൾ നീ ICU വിൽ. 2 ദിവസം കഴിഞ്ഞേ എന്തെങ്കിലും പറയാൻ പറ്റൂ എന്ന്. ആർക്കും നിന്നെ കാണാൻ പറ്റിയിരുന്നില്ല. പിന്നെയാ അറിഞ്ഞേ എന്റെ ബ്ലീഡിങ് കൂടി ആകെ ക്രിട്ടിക്കൽ ആയി. ഞാൻ -ve ബ്ലൂഗ് ഗ്രൂപ്പ് അല്ലെ. അച്ഛൻ പോസിറ്റീവും. പിന്നെ നിന്റെ രാജൻ മാമനും പോസിറ്റീവ്. ആകെ സത്യമാമനാണ് എന്റെ ബ്ലഡ് ഗ്രൂപ്പ് ഉള്ളത്. പക്ഷെ ചേട്ടൻ എന്നോട് പിണക്കം ആയിരുന്നു. ഈ കല്യാണം ചേട്ടന് ഇഷ്ടമല്ലായിരുന്നു. പിന്നെ രാജൻ, ചേട്ടനെ വിളിച്ചു. അനിയൻ വിളിച്ച് അനിയത്തിയുടെ കാര്യം പറഞ്ഞപ്പോ വരാം എന്ന് പറഞ്ഞു. പുള്ളി വല്ല കള്ളും കുടിച്ചു ഇരിപായിരുന്നോ എന്നും സംശയം ആയി നിന്റെ അച്ഛന്. ആകെ ടെൻഷൻ. അന്ന് അച്ഛൻ ദൈവത്തെ ആദ്യമായി വിളിച്ചതാ. ഇപ്പോ അറിയാലോ.. എന്താ ഭക്തി. ബ്ലഡ് കിട്ടുന്നത് വരെ ടെൻഷൻ... അച്ഛൻ എന്ത് വിശ്വാസത്തിലാ ഇരിക്യാ? ഞാനും നീയും അകത്തും..ഇപ്പൊ ഒന്നും പറയാൻ പറ്റില്ല എന്ന് ഡോക്ടർ പുറത്ത് വന്നു പറയും. ആ അവസ്ഥ ഒന്ന് ആലോചിച്ച് നോക്ക്.
പിന്നെ സത്യേട്ടൻ വന്നു. എനിക്ക് ബ്ലഡ് തന്നു. ഞാൻ രക്ഷപെട്ടു. പിന്നെ നീ ആയിരുന്നു. 2 ദിവസം ഞങ്ങൾ അനുഭവിച്ച വേദന. ഹോ.. പറയാൻ പറ്റില്ല..."
ഇത് പറഞ്ഞിട്ട് അമ്മ കണ്ണ് തുടച്ചു. എനിക്ക് എല്ലാം മനസിലാകുന്നുണ്ടായിരുന്നു. ഓരോ വാക്കും.അവർ അനുഭവിച്ചത് എല്ലാം അനുഭവിക്കുന്നത് പോലെ തോന്നി.
അമ്മ വീണ്ടും പറഞ്ഞു
"കുട്ടി കറഞ്ഞില്ലെങ്കിൽ ഇത്ര സമയത്തിന് ഉള്ളിൽ കൃത്രിമ ശ്വാസം കൊടുക്കണം. അത് ലേശം വൈകിയാൽ ജീവൻ തിരിച്ചു കിട്ടില്ല. ചിലപ്പോ ജീവൻ കിട്ടിയാലും ബുദ്ധിവികാസം ഉണ്ടാവില്ല എന്നൊക്കെ ചിലർ പറഞ്ഞു. എനിക്ക് ജീവനോടെ കിട്ടിയാൽ മതി എന്നായി. ഞാൻ നോക്കിക്കൊള്ളാം എന്റെ മരണം വരെ എന്ന് ഞാൻ പറഞ്ഞു."
എന്റെ ഉള്ളിൽ എന്തോ ഒരു ഭാരം പോലെ. ഒരു ശ്വാസംമുട്ടൽ. ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു.
"7 ദിവസം ആർക്കും നിന്നെ കാണിച്ചു തന്നില്ല. നിനക്ക് പാല് കൊടുക്കാൻ പോലും എനിക്ക് പറ്റിയില്ല. നീ അതിന്റെ ഉള്ളിൽ, എല്ലാവരും പുറത്ത് പ്രാർത്ഥിച്ച് ഇരുന്നു... എട്ടാമത്തെ ദിവസം... നിനക്ക് പാല് കൊടുക്കാൻ വേണ്ടി എന്നെ ഉള്ളിലേക്ക് കൊണ്ട് പോയി. ഞാൻ എന്തോ സ്വപ്നം കാണുന്നത് പോലെയാണ് അന്ന് തോന്നിയത്. സന്തോഷവും, വിഷമവും എന്തൊക്കെയോ തോന്നി. ഉള്ളിൽ ചെന്ന് കാത്തിരുന്നു.
അപ്പോൾ നിന്നെ എന്റെ മടിയിൽ കൊണ്ട് കിടത്തി. തീരെ ഭാരം അറിയാൻ ഇല്ല. കയ്യിൽ ഒരു കുഞ്ഞ് ഉണ്ടെന്നു തോന്നിയില്ല. നിന്നെ നോക്കിയപ്പോൾ എന്റെ കണ്ണ്നിറഞ്ഞു ഒഴുകി. കണ്ണ് തുടയ്ക്കാനും വയ്യ, കൈയിൽ നീ ഇരിക്യല്ലേ.. പാലും കൊടുക്കണം.. രണ്ടും കയ്യും ഉണ്ട് ഞാനും ഉണ്ട്. ആകെ ഒരു അവസ്ഥ.. എന്നാലും ഞാൻ കണ്ടു. കണ്ണ് നിറയെ കണ്ടു.."
ഇതും പറഞ്ഞ് അമ്മ എന്റെ തലയിൽ തലോടി.
അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു. അമ്മ വാത്സല്യത്തോടെ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട്. എന്റെ കണ്ണ് നിറഞ്ഞു. എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല. ഞാൻ അമ്മാട്ട് മടയിൽ തല വെച്ച് പൊട്ടിക്കരഞ്ഞു.. ഞാനും അമ്മയും മാത്രം. വാക്കുകൾക്ക് വിവരിക്കാൻ കഴിയാത്ത കുറെ നിമിഷങ്ങൾ. മനസിലെ വേണ്ടാത്ത ചിന്തകൾ എല്ലാം ആ കണ്ണീരിൽ കഴുകി കളഞ്ഞത് പോലെ.. എന്റെ നെറുകയിൽ വീണ അമ്മയുടെ കണ്ണുനീർ എന്റെ പാപങ്ങൾ എല്ലാം കഴുകി കളഞ്ഞത്പോലെ. ആ ദിവസം പുതുതായി ജനിച്ച കുഞ്ഞിനെ പോലെ ഞാൻ അമ്മയുടെ മടിയിൽ കിടന്നു... കുറെ നേരം..
..
പിന്നെ എപ്പോഴോ, അമ്മ പോയി. ഞാൻ ഒറ്റക്കായി.
ഞാനും, എന്റെ ചിന്തകളും, എന്റെ മുറിയും.. അതാണ് ലോകമെന്നും അതിൽ ഉള്ളതാണ് പ്രശ്നങ്ങൾ എന്നും വിശ്വസിച്ചാണ് എനിക്ക് പറ്റിയ തെറ്റ്. ഞാൻ പുറത്തേക്കിറങ്ങി ജീവിക്കാൻ തീരുമാനിച്ചു.

Comments

Post a Comment

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )