അച്ഛന്‍ കഥ
മോള്‍ക്ക് രാത്രി കഥ കേട്ട് ഉറങ്ങണം. മുത്തശ്ശി കഥ കേള്‍ക്കാന്‍ ആഗ്രഹം ഒക്കെ ഉണ്ടെങ്ങിലും എന്‍റെഅമ്മ - അവളുടെ മുത്തശ്ശി, സീരിയല്‍ കഥകളില്‍ വ്യത്യാസം കണ്ടത്താന്‍ മിനക്കെടാതെ എല്ലാം കണ്ടിരിക്കുന്ന കൂട്ടത്തില്‍ ആയതിനാല്‍ അവിടെ നിന്ന് കഥകള്‍ ഒന്നും പ്രതീക്ഷിക്കണ്ട.
അച്ഛന്‍ നന്നായി കഥ പറയും. എന്നാല്‍ മുത്തശ്ശന്‍ കഥകള്‍ എല്ലാം അവള്‍ കേട്ട് മടുത്തിരിക്കുന്നു. ഇന്ന് ഞാനാണ് ഇര.
അച്ഛന്‍ നന്നായി കഥ പറയും. എന്നാല്‍ മുത്തശ്ശന്‍ കഥകള്‍ എല്ലാം അവള്‍ കേട്ട് മടുത്തിരിക്കുന്നു. ഇന്ന് ഞാനാണ് ഇര.
അച്ഛന്‍ പറഞ്ഞു, പുരാണത്തിലെ വല്ല കഥയും പറഞ്ഞു കൊടുക്ക്. അവളെങ്കിലും അത് അറിഞ്ഞിരിക്കട്ടെ എന്ന്. രാമായണവും മഹാഭാരതവും തമ്മില്‍ തെറ്റിപോകുന്ന എന്റെ ഭാര്യയെ പോലെ ആകണ്ട എന്നാണ് അച്ഛന്‍ ഉദേശിച്ചത്.
അങ്ങനെ കഥ കേള്‍ക്കാന്‍ അവള്‍ എന്‍റെ മുന്നില്‍ വന്നിരുന്നു. ആ വിടര്‍ന്ന കണ്ണുകളില്‍ തിളക്കം കാണാം. ആകാംഷയുടെ തിളക്കം, പുതിയതായി എന്തോ കേള്‍ക്കാന്‍ പോകുന്നതിന്‍റെ ജിജ്ഞാസ. ജീവിതയാത്രയില്‍ എനിക്കെപ്പോഴോ കൈമോശം വന്നുപോയി അത്.
മഹാഭാരതം പറയാം എന്ന് ആലോചിച്ചു. കസിന്‍സ് തമ്മിലുള്ള പിണക്കവും യുദ്ധവും... വേണ്ട. അനിയത്തിയുടെ പിള്ളേരുമായി മോള് നല്ലരീതിയില്‍ ആണ് ഇപ്പോള്‍. അത് പൊളിക്കണ്ട.
പിന്നെ മനസ്സില്‍ വന്നത് ദ്രൗപതിയാണ്. അഞ്ചുപേരെ ഒരുമിച്ചു വരിച്ച ദ്രൗപതി.
ദ്രൌപതിയുടെത് സ്വയംവരം ആയിരുന്നു. അവള്‍ക്കു വേണ്ടി എല്ലാ രാജാക്കന്മാരും പരസ്പരം മത്സരിച്ചു. കേമന്മാര്‍ എല്ലാവരും അന്ന് അവിടെ വന്നിരുന്നു. കൂട്ടത്തില്‍ കേമനെ അവള്‍ വരിക്കും. വിവാഹം കുഞ്ഞുങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടിയാണ്. ദ്രൌപതിക്ക് അത് ഏറ്റവും നല്ല പുരുഷനെ തിരഞ്ഞെടുത്ത് അയാളുടെ കുഞ്ഞിനെ തന്നെ ഗര്‍ഭം ധരിക്കാന്‍ ഉള്ള എല്ലാ സംവിധാനവും ഉണ്ടായിരുന്നു.
കര്‍ണനെ രാജരക്തം അല്ലാത്തതിന്റെ പേരില്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അയോഗ്യത കല്‍പ്പിക്കാനും അവള്‍ക്കു കഴിഞ്ഞു. അവസാനം കര്‍ണന്‍റെ അനിയന്മാരെ കെട്ടേണ്ടി വന്നു, അത് ട്വിസ്റ്റ്.
അതൊന്നുമല്ല പ്രശ്നം. ഞാന്‍ ഇപ്പോള്‍ ഇവള്‍ക്ക് ഈ കഥ പറഞ്ഞു കൊടുത്താല്‍ അവളുടെ മനസിലേക്ക് ഒരു സാധ്യത ഞാന്‍ നടുകയാണ്. അതായത് ഒരു പെണ്ണിന് അവളുടെ വരനെ തിരഞ്ഞെടുക്കാന്‍ അവകാശം ഉണ്ടായിരുന്നു ഈ ഭാരതത്തില്‍. അതിനു വേണ്ടി മത്സരം നടത്തി അതില്‍നിന്ന് ഒരുത്തനെ തിരഞ്ഞെടുക്കാന്‍ സൗകര്യം ഉണ്ടായിരുന്നു എന്ന്.
വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹപ്രായം എത്തുമ്പോള്‍ അവള്‍ ആഗ്രഹിച്ച പയ്യനെ സമൂഹത്തെ പേടിച്ചോ, ജാതകത്തെ പേടിച്ചോ, ജാതിവ്യവസ്ഥയെ പേടിച്ചോ ഞാന്‍ നിര്‍ബന്ധിച്ച് വേണ്ടെന്ന് വെയ്പ്പിക്കും. അവള്‍ക്ക് താല്പര്യം ഇല്ലാത്ത ഒരുത്തനെ ജാതകം ചേര്‍ന്നതിന്‍റെ പേരിലോ നല്ല ജോലിയും പഠിപ്പും ഉള്ളതിന്‍റെ പേരിലോ അവളെക്കൊണ്ട് കെട്ടിക്കും. സമ്മതിച്ചില്ലെങ്കില്‍ പണ്ട് അച്ഛന്‍ ചെയ്തപോലെ ആതമഹത്യാ ഭീഷണി മുഴക്കും.
എന്തെന്നാല്‍ അന്നും എനിക്ക് പേടി ആയിരിക്കും. പണ്ടും എനിക്ക് പേടി ആയിരുന്നു.
എന്‍റെ ഇഷ്ടം ആര്‍ക്കൊക്കെയോ വേണ്ടി കൈവിട്ടു കളഞ്ഞപ്പോഴും , അവരുടെ ഇഷ്ട്ടത്തിനു ഒരുവളെ കയ്യില്‍ വെച്ച് തന്നപോഴും, ഇപ്പോള്‍ അവര്‍ തന്നെ അവളെ കുറ്റം പറയുമ്പോള്‍ പക്ഷം പിടിക്കാനും, അവള്‍ എന്നെ ദിനവും പുച്ചിക്കുമ്പോള്‍ മറുത്ത് പറയാനും... എല്ലാത്തിനും... എനിക്ക് പേടിയാണ്.
ഞാന്‍ ചിന്തകളില്‍ നിന്ന് ഉണര്‍ന്നു. ആ രണ്ടു കണ്ണുകള്‍ ഇപ്പോഴും തിളക്കത്തോടെ എന്നെ തന്നെ നോക്കുനുണ്ട്.
ഞാന്‍ അവള്‍ക്കൊരു കഥ പറഞ്ഞു കൊടുത്തു. ഒരു രാജകുമാരിയുടെ കഥ. സ്വപ്നങ്ങളും ആഗ്രഹങ്ങളും കവര്‍ന്നെടുക്കപ്പെട്ട , കല്‍ത്തുറങ്കില്‍ അടയ്ക്കപ്പെട്ട ഒരു രാജകുമാരിയുടെ കഥ. ഭാവിയില്‍ എവിടെയോ കേട്ടുമറന്നപോലെ അവള്‍ക്കു തോന്നിക്കോട്ടെ..
Comments
Post a Comment