മറ


ആ മാസികയുടെ കവര്‍ ഫോട്ടോയെപ്പറ്റി ഓഫീസിലെ ഫെമിനിസ്റ്റ് പെണ്ണിനോടും അവളെ താങ്ങി നടക്കുന്ന കുറെ കൊഴികളോടും വഴക്കിട്ടാണ് അവിടെ നിന്ന് ഇറങ്ങിയത്. 

തുറിച്ചു നോക്കരുതെന്ന്. ആണുങ്ങള്‍ തുറിച്ചു നോക്കിയത് കാരണം മുലപ്പാല് കിട്ടാതെ ഏതെങ്കിലും കുഞ്ഞ് കേരളത്തില്‍ മരിച്ചുപോയതായി എനിക്ക് അറിവില്ല. ഇതൊന്നും പറഞ്ഞാല്‍ അവിടെ ആരുടേയും തലയില്‍ കേറില്ല. ആകെ അരിശം മൂത്ത് ഈ തിരക്കില്‍ വണ്ടി ഓടിച്ചപ്പോള്‍ വീണ്ടും ദേഷ്യം കൂടി.

വീട്ടില്‍ വന്നു കയറി , ബെഡ് റൂമില്‍ എത്തിയപ്പോള്‍ എന്താ കാഴ്ച ? ഭാര്യ കുഞ്ഞിന് പാല് കൊടുക്കുന്നു. അതും എല്ലാം തുറന്നിട്ടിട്ട്. കാലിന്‍റെ പെരുവിരല്‍ മുതല്‍ അങ്ങോട്ട്‌ അരിച്ചു കേറി.
"നിനക്കിത് ഒന്ന് മൂടി വെച്ചിട്ട് കൊടുത്താല്‍ എന്താ ?"
അവള്‍ അതിശയത്തോടെ എന്നെ നോക്കികൊണ്ട്‌ ചോദിച്ചു "നമ്മുടെ വീടല്ലേ ? എന്താ കുഴപ്പം ?"
ഞാന്‍ ഇന്ന് വാദിച്ചു തോറ്റ വിഷയത്തില്‍ എന്‍റെ ഭാര്യയും എന്നെ തോല്‍പ്പിക്കും എന്നാണോ ? അത് പറ്റില്ല. അടുത്ത വാചകം ഒരു ആജ്ഞ ആയിരുന്നു.
"നീ അധികം ചോദ്യം ഒന്നും ചോദിക്കണ്ട ? മൂടി വെച്ചിട്ട് കൊടുത്താല്‍ മതി. "
അവള്‍ എന്നെ തറപ്പിച്ചു നോക്കി. പക്ഷെ മറയ്ക്കുന്ന ലക്ഷണം ഇല്ല. പിന്നെ ഒന്നും നോക്കിയില്ല. ബെഡ് ഷീറ്റ് എടുത്ത് കുഞ്ഞിന്റെയും അവളുടെ മുലയുടെയും മുകളിലൂടെ ഇട്ടു.
എന്തോ ലോകം വെട്ടിപ്പിടിച്ച ഭാവമായിരുന്നു അപ്പോള്‍. ഒരു ആശ്വാസം.

തലയില്‍ വെള്ളം വീണപ്പോള്‍ ശരീരത്തിന്‍റെ ചൂട് കുറഞ്ഞു, മനസിന്‍റെയും.
പതിവ് പോലെ ടിവി കാണലും കുറച്ചു ഫോണ്‍ ചെയ്യലും ഒക്കെയായി സമയം രാത്രിയായി.
പതിവ് നേരത്ത് തന്നെ രാത്രി ഭക്ഷണം കഴിക്കാന്‍ ഇരുന്നു. അവളുടെ പെരുമാറ്റത്തില്‍ പിണക്കം ഒന്നും ഇല്ല. കുഞ്ഞ് ഉറക്കമാണ്. അവള്‍ സാധാരണ പോലെ ഭക്ഷണം വിളമ്പി തന്നു.

കഴിക്കാന്‍ തുടങ്ങുമ്പോള്‍ പെട്ടന്ന് തലയില്‍കൂടി എന്തോ വീണു. ബെഡ് ഷീറ്റ് ആണ്. മുന്നിലെ പ്ലേറ്റും അതിലെ ഭക്ഷണവും ഞാനും അതിന്‍റെ ഉള്ളില്‍. ആലോചിക്കാന്‍ സമയം കിട്ടും മുന്‍പ് ആ മറയുടെ പുറത്ത് നിന്ന് ഭാര്യയുടെ ശബ്ദം കേട്ടു...
"ഇന്ന് എന്‍റെ കുഞ്ഞ് ഇങ്ങനെയാ ഭക്ഷണം കഴിച്ചത്. അതുപോലെ കഴിച്ചു നോക്ക്"

Comments

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )