ഭീഷണി

നഗരത്തിലെ വാടക്കമുറിയിൽ താമസിച്ച് അവിടെ ജോലിയെടുക്കുന്ന ചെറുപ്പക്കാർക്ക് മാസാവസാനം സംഭവിക്കുന്ന ദുർവിധി തന്നെയാണ് ജോണിനും സംഭവിച്ചത്. അന്നൊരു ഞായറാഴ്ച്ച ആയിരുന്നു. റൂമിലെ മറ്റു രണ്ടുപേർ സ്വന്തം വീട്ടിൽ പോയി. രാവിലെ ഭക്ഷണം ലാഭിക്കാൻ വേണ്ടി 11 മണി വരെ കിടന്നുറങ്ങി. പക്ഷേ ഉച്ച ആയപ്പോൾ കലശലായ വിശപ്പ്. മൂന്ന് മണി വരെ പിടിച്ചു നിന്നു. പക്ഷെ പറ്റുന്നില്ല.

വിശപ്പ് കാരണം തല കറങ്ങുന്ന അവസ്ഥ. കയ്യിൽ ആണെങ്കിൽ ഒഴിഞ്ഞ പേഴ്സും , അടുത്ത മാസം ശമ്പളം വരുന്നത് വരെ ഉപയോഗം ഇല്ലാത്ത ATM കാർഡും മാത്രം. സത്യത്തിൽ ക്യാഷ് ഇല്ലാത്തത് കൊണ്ടാണ് ഈ ആഴ്ച്ച വീട്ടിൽ പോകാതിരുന്നത്. ഇങ്ങനെ ഇരുന്നാൽ തലകറങ്ങി വീഴും. സ്ഥിരം പോകുന്ന ഹോട്ടൽ ഇന്ന് ഞായറാഴ്ച്ച തുറക്കില്ല. അതുകൊണ്ട് കടം പറഞ്ഞു ഭക്ഷണം കഴിക്കാൻ പറ്റില്ല..

അവൻ ആലോചിച്ചു. ഒരു വഴിയേ ഉള്ളൂ. താഴത്തെ നിലയിൽ താമസിക്കുന്ന ഹൗസ് ഓണറോട് കടം ചോദിക്കാം. അങ്ങോട്ട് വാങ്ങി വെക്കാൻ അല്ലാതെ ഇങ്ങോട്ട് തരുന്ന ശീലം അയാൾക്കില്ല. എന്നാലും വേറെ വഴി ഇല്ലാത്തതിനാൽ ചോദിയ്ക്കാൻ തന്നെ തീരുമാനിച്ചു.
അങ്ങനെ ഉയർന്ന നിലയിൽ താമസിക്കുന്ന അവൻ താഴെക്കിടയിൽ ഉള്ള ഒരാളോട് കടം വാങ്ങാൻ പടികൾ ഇറങ്ങി താഴേക്ക് ഇറങ്ങി വന്നു.

കയ്യിൽ കിട്ടിയ ഒരു ഷർട്ട് ആണ് എടുത്ത് ഇട്ടത്. മഴയത്ത് ശേരിക് ഉണങ്ങാത്തത്തിന്റെ ഒരു ചീഞ്ഞ മണം ഉണ്ട്. പിന്നെ പെർഫ്യൂം ഒന്നും അടിക്കാൻ പോയില്ല. മുറിയിൽ ആകെ ഉള്ള പെർഫ്യൂം ഹരിയുടെ ആണ്. അവൻ വന്നാൽ ചിലപ്പോ അളവ് നോക്കും. എന്നിട്ട് അതിന്റെ പേരിൽ വഴക്കിടാൻ വരും.
അങ്ങനെ താഴെ എത്തി. ആവശ്യം അറിയിച്ചു. എന്താ കഥ, അയാളുടെ ദാരിദ്ര്യം പറച്ചിൽ കേട്ടപ്പോൾ അവന് ഇട്ടിരിക്കുന്ന തുണി വരെ അയാൾക്ക് ഊരി കൊടുക്കാൻ തോന്നി. അത്രക്ക് ദരിദ്രൻ.

ഉച്ചഭക്ഷണം കഴിഞ്ഞ് ഒന്ന് മയങ്ങാൻ ഒരുങ്ങുകയായിരുന്ന അയാൾ ചിക്കന്റെയും ബീഫിന്റെയും മണമുള്ള ശബ്ദത്തിൽ അവനോട് വിലപേശി. ഒടുവിൽ ശമ്പള ദിവസം തന്നെ തിരിച്ചു കൊടുക്കാം എന്ന നിബന്ധനയിൽ 150 രൂപ കൊടുത്തു. അംബാനി കാണിക്കുമോ ഇത്രയ്ക്ക് മഹാമനസ്‌കത ?

കാശും വാങ്ങി ബൈക്ക് എടുത്തു. അതിൽ എണ്ണ ഉണ്ടെന്നു തോന്നുന്നു. റിസർവിൽ മാത്രം ഓടുന്ന ഒരു വണ്ടി. എന്തോ അവന്റെ ക്ഷീണം അറിഞ്ഞിട്ട് ആണെന്ന് തോന്നുന്നു വേഗം സ്റാർട്ട് ആയി.
അവൻ ഹോട്ടൽ തപ്പി യാത്ര തുടങ്ങി. പല ഹോട്ടലും അടഞ്ഞു കിടക്കുന്നു. അവന്റെ ഏരിയ കടന്നുപോയി ഇനി തിരിച്ചുപോകാൻ ഉള്ള ഇന്ധനം ഉണ്ടാകുമോ ആവോ.

അപ്പോഴാണ് അവന്റെ മുന്നിൽ പൊയ്‌ക്കൊണ്ടിരുന്ന ഒരു സ്കൂട്ടർ ഇൻഡിക്കേറ്റർ ഇടാതെ വലത്തോട്ട് തിരിഞ്ഞത്. അവൻ അത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഉള്ള ബ്രേക്ക് ആഞ്ഞു പിടിച്ചിട്ടും ഇടിച്ചു. വണ്ടി വീണില്ല, പക്ഷെ സ്കൂട്ടറിന് നമ്പർ പ്ലേറ്റ് ചുളുങ്ങി. വെട്ടിച്ചു തിരിച്ചപ്പോൾ ബൈക്കിന്റെ ഇൻഡിക്കേറ്റർ സ്കൂട്ടറിന്റേ പിന്നിലെ ഹൻഡിലിൽ ഇടിച്ചു ഒടിഞ്ഞു തൂങ്ങി. ആള് കൂടി.

പിന്നിൽ വന്ന് ഇടിച്ച കുറ്റത്തിന് ആ സ്ത്രീ അവനെ ഉറക്കെ ശകാരിക്കുന്നു, വിചാരണ ചെയ്യുന്നു. ഒന്നും പറയാൻ ആകാതെ ജോൺ എല്ലാം കേട്ടു നിന്നു. ജനം അബലയായ ആ സ്ത്രീയുടെ പക്ഷത്തു നിന്നു. ഒന്നാമത് വിശന്ന് തല കറങ്ങി നിന്ന അവൻ തിരിച്ച് ഒന്നും പറയാൻ ആകാത്ത അവസ്ഥയിൽ ആയിരുന്നു. ഒടുവിൽ ജനക്കൂട്ടം അവനോട് നഷ്ടപരിഹാരം കൊടുക്കാൻ പറഞ്ഞു. അവന്റെ ഓട്ടക്കീശയിൽ എന്തുണ്ട് ? ഇരന്നു വാങ്ങിയ 150 രൂപ മാത്രം.

പൊതുജനാഭിപ്രായം മാനിച്ച് അവൻ ആ കാശ് എടുത്ത് കൊടുത്തു. ഇത് മതിയാവില്ല എന്ന് പറഞ്ഞ് ആക്രോശിച്ച ആ സാധു സ്ത്രീയെ ഒരുവിധം ആശ്വസിപ്പിച്ച് പറഞ്ഞയച്ച ശേഷം ജനക്കൂട്ടം പിരിഞ്ഞു.
വഴിയാധാരം… ആ വാക്കാണ് അവന്റെ മനസ്സിൽ അപ്പോൾ വന്നത്. വേറെ ഒന്നും മനസിൽ വന്നില്ല. സങ്കടമോ ദേഷ്യമോ ഒന്നും വന്നില്ല. ആ വാക്ക് മാത്രം. പൊട്ടിയ ഇൻഡിക്കേറ്റർ തലകീഴായി തൂങ്ങിക്കിടന്ന് അവനെ നോക്കി.

ചെറിയ ചാറ്റൽ മഴയുണ്ട്. വണ്ടി എടുത്ത് തിരിച്ചു മുറിയിൽ പോകാം. ബോധം പോകും മുൻപ് മുറിയിൽ കയറണം. അപ്പോൾ ഇടനെഞ്ചിൽ ഒരു മണി കിലുക്കം. പോക്കറ്റിൽ തപ്പി നോക്കി. ചില്ലറ പൈസ.!! എടുത്ത് എണ്ണി നോക്കി. 8 രൂപ ഉണ്ട്.

ആ കാശിന് എന്ത് കിട്ടും ?? ഒരു ചായ പോലും കിട്ടില്ല. എന്നാൽ ആനേരത്ത് അത്തരം കണക്കുകൾ ഒന്നും മനസ്സിൽ വന്നില്ല. എന്തെങ്കിലും വാങ്ങി കഴിക്കണം. നിധി കണ്ടെത്തിയ ആവേശത്തോടെ ജോൺ വണ്ടി എടുത്തു. അടുത്ത ഹോട്ടലിനായി അവന്റെ കണ്ണുകൾ പരതി. പോകുന്ന വഴി വല്യ ഹോട്ടൽ കണ്ടു. വേണ്ട. അതിനുള്ള ധനസ്ഥിതി ഇല്ല.
വഴിയരികിൽ ഇടത്തരം ഹോട്ടലുകൾ പലതും അടഞ്ഞു കിടക്കുന്നു. അങ്ങനെ അവസാനം ഒരു ഹോട്ടൽ കണ്ടു, അവിടെ ചായയും ഉണ്ട്.

നേരെ അവിടെ കയറി. ചായ സമയം ആയി. എന്ത് വാങ്ങും? അവിടത്തെ വില വിവര പട്ടികയാണ് അവൻ തിരഞ്ഞത്. ചായ 12, കാപ്പി 15. കടികൾ എല്ലാം 10 ഉം അതിന് മുകളിലും ആണ്.

അപ്പോൾ അവൻ കണ്ടു, ആ പട്ടികയിൽ ഇരുന്ന് അവന്റെ നോക്കി ചിരിക്കുന്ന പരിപ്പ് വട. 9 രൂപ.
ഒരു രൂപ എന്നാലും കുറവുണ്ട്. എന്നാലും സാരമില്ല. അവൻ ഒരു പരിപ്പുവട പറഞ്ഞു. ചായ വേണ്ടേ എന്ന് ചോദ്യം വന്നു. വേണ്ടെന്ന് പറഞ്ഞപ്പോൾ അവനെ ഒരു നോട്ടം നോക്കിക്കൊണ്ട് ആ ‘അന്യ സംസ്ഥാന തൊഴിലാളി’ പോയി.

വടയും കാത്ത് ഇരിക്കുമ്പോഴാണ് അവന് പരിസര ബോധം വന്നത്. അപ്പോൾ കണ്ടു തൊട്ടപ്പുറത്തെ മേശയിൽ ഒരു അമ്മയും മകനും. മകന് ഒരു 8 വയസ് കാണും. രണ്ടാളും ഓരോ ബിരിയാണിയും പിടിച്ച് ഇരിക്കുന്നു. ഈ നേരം ആയിട്ടും ബിരിയാണി തീർന്നില്ലേ??

അതല്ല അവിടത്തെ പ്രശ്നം. ആ ചെറുക്കൻ കഴിക്കുന്നില്ല. അമ്മ കെഞ്ചി നോക്കി, അപേക്ഷിച്ചു നോക്കി. രക്ഷയില്ല. ഒരു ഫുൾ പ്ലേറ്റ് ബിരിയാണി.. അതും ചിക്കൻ ബിരിയാണി അവന്റെ മുന്നിൽ ഇരിപ്പുണ്ട്. അവന് വേണ്ടാന്ന്…
ജോണിന് കലി വന്നു. ആ ചെറുക്കന്റെ തലക്ക് ഒരെണ്ണം കൊടുക്കാൻ അവന്റെ കൈ തരിച്ചു.

അപ്പോൾ ആ അമ്മ അവസാനത്തെ അടവ് എടുത്തു. ഭീഷണി.
“വേഗം കഴിക്ക്, കഴിച്ചു കഴിഞ്ഞില്ലെങ്കിൽ അമ്മ ഇവിടെ ഇരുത്തിയിട്ട് പോകും”
അവന് അനക്കം ഇല്ല.

അമ്മ ചുറ്റും നോക്കി. അടുത്ത അടവ് “വേഗം കഴിക്ക് ഇല്ലെങ്കിൽ ആ മാമൻ എടുത്ത് കഴിക്കും”
ആ മാമൻ ആരാണെന്ന് ഊഹിക്കാമല്ലോ.
“അയ്യോ വേഗം കഴിച്ചോ, ആ മാമൻ നോക്കുന്നുണ്ട്”
സത്യമാണ്. ആ മാമൻ നന്നായി നോക്കുന്നുണ്ട്. പക്ഷെ ചെറുക്കൻ കഴിക്കാൻ കൂട്ടാക്കുന്നില്ല.

അപ്പോൾ മ്മടെ വെയ്റ്റർ വന്നു. “ചേട്ടാ, 'പറിപ്പു' വട ആയിട്ടില്ല. പഴം പൊരി എടുക്കട്ടേ ?”
കാശ് നീ കൊടുക്കുമെങ്കിൽ എടുത്തോ എന്ന് പറയുന്നതിനെ ചുരുക്കി “വേണ്ട” എന്ന് മാത്രം ജോൺ മറുപടി പറഞ്ഞു.
അപ്പുറത്ത് ഭീഷണി പൊടിപൊടിക്കുന്നുണ്ട്.  ചെറുക്കൻ അറിഞ്ഞ ഭാവം നടിക്കുന്നില്ല.
അമ്മ ഭീഷണിയുടെ അളവ് കൂട്ടുന്നു. “ അയ്യോ.. ധാ മാമൻ നോക്കുന്നു… ആ മാമൻ ഇപ്പൊ വന്ന് എടുക്കും. മാമൻ ധാ എണീറ്റു. വേഗം.. വേഗം”

ജോൺ എണീറ്റു. അവന്റെ സാമ്പത്തികനിലയ്ക്ക് അവിടെ ഒന്നും കിട്ടാൻ ഇല്ല.
അപ്പോൾ ആ അമ്മയുടെ ഒച്ച കൂടി “ ഇനി നീ കഴിച്ചില്ലെങ്കിൽ ഇതെല്ലം ഞാൻ ആ മാമന് കൊടുക്കും”
പിന്നെ ഒന്നും നോക്കിയില്ല. ഉള്ള ആരോഗ്യം വെച്ച് അവൻ പാഞ്ഞു. വേച്ചു വേച്ചു നടന്നു എന്ന് ദൃക്‌സാക്ഷികൾ പറയും.

പിന്നെ ആ അമ്മയുടെ അലർച്ച അവൻ കേട്ടില്ല. ചുറ്റുമുള്ള ആളുകൾ ചിരിക്കുന്നത് അവൻ കേട്ടില്ല. അവസാനം ആരൊക്കെയോ പിടിച്ചു മാറ്റുന്നത് വരെ അവൻ കഴിച്ചുകൊണ്ടേ ഇരുന്നു.
എന്തായാലും ഒരു അമ്മയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുത്തതിൽ അവന് അഭിമാനിക്കാം.

....വിശപ്പാണ് ഏറ്റവും വലിയ പ്രചോദനം. ഏറ്റവും പഴക്കമുള്ള ഭീഷണി....

Comments

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )