റോഡ്‌ മുറിച്ചു കടക്കുമ്പോള്‍

50 km/ hour വേഗതയിൽ സ്വസ്ഥമായി ബൈക്ക് ഓടിച്ചു പോകുന്ന ഞാൻ. പെട്ടന്ന് റോഡിൽ ഒരു ചേച്ചി പ്രത്യക്ഷപ്പെടുന്നു. റോഡ് മുറിച്ചു കടക്കാനായി എന്റെ ബൈക്കിന് നേരെ മുന്നിലേക്ക് ഓടി വരുന്നു. ഞാൻ സഡൻ ബ്രേക് ഇട്ടു വണ്ടി നിർത്താൻ ശ്രമിക്കുന്നു. പിന്നിലെ ചക്രം റോഡിൽ വഴുതി, പാമ്പ് ഇഴയുന്ന പോലെ ഇഴഞ്ഞു പാട് വരുത്തിയ ശേഷം റോഡിൽ വീഴാതെ, ചേച്ചിയെ ഇടിക്കാതെ ഞാൻ വണ്ടി നിർത്തി. ചേച്ചിയെ ദേഷ്യത്തോടെ നോക്കിയപ്പോൾ ചേച്ചി ചിരിക്കുന്നു.. ആ ചേച്ചിയെ ചീത്ത വിളിക്കണോ.!?
 ചീത്തവിളിച്ചാൽ ആളുകൂടി , ഇപ്പോൾ തിരിച്ചു കിട്ടിയ ജീവനും ആകെയുള്ള മാനവും കപ്പലു കയറുമോ എന്ന ചിന്തയോടെ ഞാൻ നോക്കി നിന്നു..
സ്വന്തം മുറ്റത്തു നടക്കുന്നത് പോലെ റോഡ് മുറിച്ചു കടക്കുന്ന ചേട്ടൻമാർക്കും ചേച്ചിമാർക്കുമായി കുറച്ചു കണക്കുകൾ പറയാം.

റോയൽ എൻഫീൽഡ് ബൈക്കുകൾ ടോപ് ഗിയറിൽ പോകുമ്പോൾ മിനിമം വേഗത 50km/hour ആയിരിക്കും. 500 സിസി ആണെങ്കിൽ അതിലും കൂടും. അതിൽ കുറഞ്ഞ വേഗതയിൽ ആ ബൈക്കുകൾ ഓടിക്കാൻ കഴിയില്ല.

ആ വേഗതയെ മീറ്റർ/സെക്കൻഡിൽ പറഞ്ഞാൽ ഒരു സെക്കന്റിൽ 13.88 മീറ്റർ ദൂരം. ഒരാൾ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ അയാളെ കണ്ട് ബ്രേക് ചവിട്ടാൻ എടുക്കുന്ന സമയം ഒരു സെക്കന്റ് ആണെങ്കിൽ ആ സമയം കൊണ്ട് ആ ബൈക്ക് 13.88 മീറ്റർ സഞ്ചരിക്കും. പിന്നെ 50km/ hr വേഗതയിൽ നിന്ന് നിശ്ചലാവസ്ഥയിൽ ,അതായത് 0 km/hr വേഗതയിൽ എത്താൻ എടുക്കുന്ന സമയം കൊണ്ട് വാഹനം പിന്നെയും മുന്നോട്ട് സഞ്ചരിക്കും.
ഓരോ വാഹനത്തിന്റെയും ഭാരം അനുസരിച്ച് ചലനം കൊണ്ട് അവയ്ക്ക് ലഭിക്കുന്ന "മൊമെന്റം" കൂടും.
മാസ്സ് X വേഗത = മൊമെന്റം. 

നിശ്ചലാവസ്ഥയിൽ എത്താൻ മൊമെന്റം പൂജ്യം ആവണം. റോയൽ എൻഫീൽഡ് ബൈക്കുകൾ ഭാരം കൂടുതൽ ആയത് കൊണ്ട് അതെ വേഗതയിൽ പോകുന്ന മറ്റു ബൈക്കുകളെക്കാൾ മൊമെന്റം കൂടും. ആ മൊമെന്റം കാരണം ബ്രേക്ക് ചവിട്ടുബോൾ ടയർ നിന്നാലും വണ്ടി നിൽക്കില്ല. അപ്പോൾ പിൻചക്രം റോഡിൽ തെന്നി ബൈക്ക് ബാലൻസ് പോകും. ചിലപ്പോൾ വീഴാതെ കാലുകുത്തി നില്ക്കാൻ പറ്റും. പക്ഷെ ഭാരകൂടുതൽ ആയത് കൊണ്ട് വീഴാൻ സാധ്യത കൂടുതൽ ആണ്. അങ്ങനെ നിലത്ത് വീണാൽ കുറച്ചു ദൂരം നിരങ്ങി പോകും. എന്ത് വേണമെങ്കിലും സംഭവിക്കാം.
അതുകൊണ്ട് ഒരു വാഹനം വരുന്നത് കണ്ടാൽ , ഓടിക്കുന്നവന്റെ വണ്ടി നിർത്തി എന്റെ ജീവൻ രക്ഷിച്ചോട്ടെ എന്ന ഭാവത്തിൽ ഇടം വലം നോക്കാതെ റോഡ് മുറിച്ചു കടക്കരുത്. 

സിഗ്നൽ തരാതെ ഇടത്തോട്ടും വലത്തോട്ടും പെട്ടന്ന് വണ്ടി തിരിക്കുന്നവർക്കും ഇതൊക്കെ ബാധകമാണ്. നമ്മുടെ നാട്ടിൽ ഒരുപാട് വാഹനങ്ങൾ ഉണ്ട്. ആൾക്കാരും ഉണ്ട്. എല്ലാവർക്കും യാത്ര ചെയ്യണം.

റോഡ് വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയാണ്. നിങ്ങളുടെ വീടിന്റെ മുറ്റം അല്ല. അതുകൊണ്ട് റോഡ് മുറിച്ചു കടക്കുമ്പോൾ നന്നായി ശ്രദ്ധിക്കണം.
അപേക്ഷയാണ്..

Comments

Popular posts from this blog

മഴതുള്ളി

ഇല്ലത്തമ്മ

ആ ദിവസങ്ങളിൽ