അവന്‍റെ മാത്രം, ഞാന്‍


               എഴുതാനിരിക്കുമ്പോള്‍ അവന്‍ എന്നെ വാരിയെടുത്ത് ചുംബിച്ചിരുന്നു. അവന്‍റെ ചുംബനം കൊതിച്ച് അവന്‍ തൂലികയെടുക്കാന്‍ വേണ്ടി ഞാന്‍ പ്രാര്‍ഥിച്ചിട്ടുണ്ട്. 
              അത് പോലെ അവന്‍റെ നിശ്വാസത്തിന്‍റെ ചൂടുപറ്റാന്‍ മഴക്കുവേണ്ടി ഞാന്‍ കൊതിച്ചിട്ടുണ്ട്. മഴയത്ത് അവന്‍റെ കൈക്കുള്ളില്‍ ഒതുങ്ങുമ്പോഴാണ് സുഖമെന്താണെന്നു ഞാന്‍ അറിഞ്ഞിരുന്നത്. കാലാന്തരേ അവന്‍ എന്നില്‍ ചൊരിയുന്ന ദ്രാവകം മാറിയത് ഞാനറിഞ്ഞു. എന്നാല്‍ അവന്റെ സന്തോഷത്തെയോര്‍ത്ത് ഞാനത് കാര്യമാക്കിയില്ല.
              ഒടുവില്‍ ഒരു മഴയുള്ള രാത്രിയില്‍ എന്നെ ചുംബിച്ചകന്ന അവന്റെ ചുണ്ടിലെ ചോരക്കറ എന്നില്‍ പുരണ്ടത് എന്നെ ഭയപ്പെടുത്തി. ശരീരം മനസിനെ തോല്‍പിക്കുവോളം വേദനയെ മറക്കാന്‍ അവന്‍ എന്നെ പലതവണ ചുംബിച്ചു. പിന്നെ ഏകാന്തതയുടെ ശയ്യയില്‍ അവനു മരുന്ന് കൊടുക്കാനും ഞാനേ ഉണ്ടായിരുന്നുള്ളൂ.
              ഒടുവില്‍ ഒരുനാള്‍, മഷിയുങ്ങാത്ത തൂലികയും കല്പന ഒടുങ്ങാത്ത മനസും ബാക്കി വെച്ച് അവന്‍ യാത്രപോയി. മഴപെയ്യാന്‍ മടിച്ച , ചന്ദ്രന്‍ തിളങ്ങാന്‍ അറച്ച ആ രാത്രി നിസഹായയായി ഞാന്‍ അത് നോക്കിയിരുന്നു.
              കത്തിയോടുങ്ങാന്‍ കഴിയുമായിരുന്നെങ്കില്‍ അവന്‍റെ ചിതയില്‍ ഞാനും അവനോടൊപ്പം ദഹിച്ചേനെ.. അവനില്ലെങ്കില്‍ എന്നുള്ളം ശൂന്യമാണ്.
              ഇന്ന് പൊടിപിടിച്ച്, മാറാല പിടിച്ച് അവന്‍ മാത്രം ഉപയോഗിച്ചിരുന്ന ഞാന്‍, അവന്‍റെ ചില്ല് ഗ്ലാസ്‌.. ആര്‍ക്കും വേണ്ടാതെ ഒരു മൂലയില്‍...

Comments

Popular posts from this blog

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചിറക്

ചില മഴ ചിന്തകള്‍