അമ്മമാരെ സൂക്ഷിക്കുക

“കൂടെ പഠിച്ചവർ ഒക്കെ കല്യാണം കഴിഞ്ഞു കുട്ടികൾ ആയി. നീ ഇങ്ങനെ നടന്നോ “

അമ്മയുടെ ആ ഓർമ്മപ്പെടുത്തൽ കേട്ടപ്പോഴാണ് നിരഞ്ജനക്ക് ഓർമ വന്നത്, ഡെൽജ പ്രസവിച്ചിട്ട് കുട്ടിയെ കാണാൻ പോയിട്ടില്ല. ഇന്ന് പോയേക്കാം.


ഒറ്റക്ക് പോണില്ല. കൂടെ പഠിച്ചവരിൽ ജോലിയും കൂലിയും ഇല്ലാതെ വീട്ടിൽ ഇരിക്കുന്നവരുടെ ലിസ്റ്റ് എടുത്തു. അതിൽ സ്വന്തം വണ്ടി ഉള്ളവരെ തിരഞ്ഞെടുത്തു. ആ കൂട്ടത്തിൽ അവൾ വിളിച്ചാൽ വരുന്ന ആൾക്കാരെ തപ്പിയപ്പോൾ ആകെ ഒരാളെ ഉള്ളൂ. അവിഷ് . “അ” വിപ്ലവ കാലത്ത് ജനിച്ചതുകൊണ്ടാണ് അവന് ആ പേര് കിട്ടിയത്. ഇപ്പോഴും ആ പേരിന്റെ അർഥം അവനു നിശ്ചയമില്ല.

അവനെ വിളിച്ചു. അവൻ വരാം എന്നും സമ്മതിച്ചു. ആചാരം ലംഘിക്കാൻ നിന്നില്ല - ജോൺസൺമാരുടെ ബേബി കിറ്റ് തന്നെ ഒരെണ്ണം വാങ്ങി.

കുട്ടി അവളുടെ വീട്ടിൽ ആയത് സൗകര്യം ആയി. അവിടെ എപ്പോ വേണമെങ്കിലും കയറി ചെല്ലാൻ ഉള്ള സൗകര്യം ഉണ്ട്. അവിടെ എത്തിയപ്പോൾ അപ്പനും അമ്മയും പുറത്ത് പോയിരിക്കുകയാണ്. ഉടനെ വരും.. അവര് തിരിച്ചു വന്നിട്ട് ഇവളെയും കൊച്ചിനേം കൊണ്ട് എങ്ങോട്ടോ പോവാൻ ഉള്ള പ്ലാൻ ആണ്.
അമ്മ ഉണ്ടായിരുന്നെങ്കിൽ ഒരു ചായ എങ്കിലും കിട്ടിയേനെ.

എന്തായാലും ഞങ്ങൾ ചെന്നത് അവൾക്ക് ആശ്വാസം ആയി. കുഞ്ഞിനെ ഞങ്ങളെ ഏൽപ്പിച്ച് അവൾ ഒരുങ്ങാൻ പോയി. കഴുത്ത് ഉറയ്ക്കാത്ത കൊച്ചിനെ ഞാനും എടുക്കില്ല അവനും എടുക്കില്ല. അതുകൊണ്ട് അവൾ കുഞ്ഞിനെ ഹാളിൽ പായ വിരിച്ചു അതിൽ കിടത്തി. എങ്ങാനും കരഞ്ഞാൽ കൊടുക്കാൻ വേണ്ടി ഒരു കുപ്പി പാലും തന്നു.

നിരഞ്ജന കൊച്ചിനെ നോക്കി. അതിന് പ്രത്യേകിച്ച് വികാരം ഒന്നും ഇല്ല.തോന്നുമ്പോ കയ്യും കാലും ഇട്ടു ഇടിക്കും. പിന്നെ അനങ്ങാതെ കിടക്കും. അവൾ കുഞ്ഞിനെ ചിരിപ്പിക്കാനും കൊഞ്ചിക്കാനും ഒക്കെ എന്തൊക്കെയോ കാണിക്കുന്നുണ്ട്. കുഞ്ഞ് ആ സമയം വേറെ എന്തൊട്ടെങ്കിലും നോക്കും.

ഇടയ്ക്ക് അവളുടെ മുഖത്തേക്ക് നോക്കിയാൽ തന്നെ അവൾ കാണിക്കുന്ന ഒന്നിനും പ്രതികരണം ഒന്നും ഇല്ല. അവൾക്ക് ദേഷ്യം വന്നു. ആരാ പറഞ്ഞത് കൊച്ചു കുഞ്ഞുങ്ങളെ കളിപ്പിക്കാൻ നല്ല രസം ആണെന്ന്. ഇതാണോ രസം?

അപ്പോൾ ഹാളിലെ സോഫയിൽ ഇരിക്കുന്ന ആവിഷ് പറയുന്നുണ്ട് “ കുറച്ചൂടെ ആവണം, തീരെ കുഞ്ഞല്ലേ “

അവൾ അത് കേട്ടതായി ഭാവിച്ചില്ല.

കുഞ്ഞു ശ്രദ്ധിക്കുന്നില്ല എന്നായപ്പോൾ ശ്രദ്ധ പാൽക്കുപ്പിയിൽ ആയി.

പാൽക്കുപ്പിയിൽ നല്ല പാൽ ഇരിക്കുന്നു. കുഞ്ഞിന് വിശപ്പ് ഉള്ള ലക്ഷണം ഒന്നും ഇല്ല. ഒന്ന് ട്രൈ ചെയ്താലോ ?
ഓർമ്മവെച്ചതിനു ശേഷം പാൽക്കുപ്പിയിൽ പാൽ കുടിച്ചിട്ടില്ല. ചെറുപ്പത്തിൽ കുടിച്ചിട്ടുണ്ടാവും, അത് ഓർമയില്ലല്ലോ..

പിന്നെ ഒന്നും ആലോചിച്ചില്ല. കുപ്പി കയ്യിൽ എടുത്തു..

ഒരു വാക്കു ചോദിച്ചില്ല എന്ന് വേണ്ട. അവിഷിനോട് ചോദിച്ചു. “ഡാ നിനക്കു വേണോ?”
“അയ്യേ, എനിക്കൊന്നും വേണ്ട. നീ അത് അവിടെ വെച്ചേ.. ആ കൊച്ചിനെ പട്ടിണി ആക്കല്ലേ” അവന്റെ വഹ ഉപദേശം.

“പിന്നേ … പട്ടിണി.. കൊച്ചിന് കുപ്പി പാൽ അല്ല കൊടുക്കേണ്ടത്. …മു .. (ആ വാക്ക് വിഴുങ്ങി ).. അത് അവള് കൊടുത്തോളും.”

നിരഞ്ജന ആ കുപ്പിപ്പാൽ കയ്യിൽ എടുത്തു. 
അവിഷ് നോക്കുന്നത് ശ്രദ്ധിക്കാതെ ഒരു കുഞ്ഞു കുടിക്കുന്നത് പോലെ തന്നെ കുടിച്ചു. 
പാലിന് ചൂടൊന്നും ഇല്ല. രുചിയും ഇഷ്ടപ്പെട്ടില്ല. എന്നാലും അങ്ങനെ കുടിക്കുന്നതിന്റെ ഒരു രസം. അത് അവൾ ആസ്വദിച്ചു.

അവിഷ് ഇത് കണ്ടു വായും പൊളിച്ചു ഇരിക്കുകയാണ്.. അവൾ ഇങ്ങനെ കുടിക്കുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നില്ല.

അപ്പോഴേക്കും ഡെൽജ ഒരുങ്ങി വന്നു. അവളെ കണ്ടപ്പോൾ അവൻ തുറന്നു വെച്ച വായ അടച്ചു.

“കരഞ്ഞോ” എന്നും ചോദിച്ചുകൊണ്ടാണ് ഡെൽജ വരുന്നത്.

“ഏയ് ഇല്ല” എന്ന് നിരഞ്ജന മറുപടിയും കൊടുത്തു.

“എങ്കിൽ കൊടുക്കണ്ട” നിരഞ്ജനയുടെ കയ്യിൽ ഇരിക്കുന്ന പാൽ കുപ്പി കണ്ടിട്ടാണ് ഡെൽജ ഇതൊക്കെ പറഞ്ഞത്.

നിരഞ്ജന അപ്പോഴാണ് കയ്യിൽ കുപ്പി ഇരിക്കുന്നത് ഓർത്തത്.

“നീ ഇപ്പോഴേ കുപ്പിപ്പാൽ ആണോ കൊടുക്കുന്നത്. അത് കേടല്ലേ ? “നിരഞ്ജന വളരെ അറിവുള്ളവർ പോലെ സംസാരിച്ചു തുടങ്ങി”

“അത് മുലപ്പാൽ തന്നെയാ. പുറത്ത് പോകുമ്പോൾ എല്ലായിടത്തും വെച്ച് കൊടുക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഞാൻ കുപ്പിയിൽ ആക്കി വെക്കും “

പിന്നെ ഡെൽജ കാണുന്നത് കുരിശു കണ്ട പ്രേതത്തെക്കാൾ കഷ്ടത്തിൽ ഇരിക്കുന്ന നിരഞ്ജനയെയും പിന്നിൽ ഉറക്കെ ചിരിച്ചു ചിരിച്ചു സോഫയിൽ നിന്നും നിലത്തു വീഴുന്ന അവിഷിനെയും ആണ്..

Comments

Post a Comment

Popular posts from this blog

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചിറക്

ചില മഴ ചിന്തകള്‍