സഹയാത്രിക

ചെന്നൈയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള ബസ് യാത്രയിലാണ് ഞാൻ അവളെ കാണുന്നത്.
എസ് ഈ റ്റി സി യുടെ സെമി സ്ലീപ്പർ ബസ് രാത്രി ബസ്. ഞാനും സുഹൃത്ത് ഷമീർ ഇക്കയും ഉണ്ട്.
ഏതോ ഒരു സ്റ്റാൻഡിൽ ബസ് നിർത്തിയപ്പോൾ ഞാൻ ഒരു ഉറക്കം കഴിഞ്ഞ് എഴുന്നേറ്റു. അവിടെ നിന്നാണ് അവൾ ബസ്സിൽ കയറിയത്. തട്ടമിട്ട ഒരു തമിഴ് യുവതി.
അവൾ ആദ്യം എന്റെ മുന്നിലെ വിൻഡോ സീറ്റിൽ ഇരുന്നു.
പിന്നെ പിന്നിലേക്ക് നോക്കി “അവിടെ സീറ്റ് ഒഴിവുണ്ടല്ലോ. അവിടെ പോയി ഇരുന്നാലോ” എന്ന് സ്വയം പറയുന്നത് കേട്ടു.


ഒട്ടും വൈകിയില്ല , പുള്ളിക്കാരി  ബാഗും എടുത്ത് എഴുന്നേറ്റു.
പെട്ടന്ന് ബസ് സഡൻ ബ്രേക്ക് ഇട്ടു. ബാലൻസ് തെറ്റി പുള്ളിക്കാരി സീറ്റിന്റെ ചാരുന്ന ഭാഗത്തേക്ക് കമിഴ്ന്നു വീണു. തല സീറ്റിനു മുകളിലൂടെ കാണാം. വീണ് കഴിഞ്ഞു അവൾ നേരെ നോക്കിയത് ഞങ്ങളുടെ മുഖത്തേക്ക്. ഇതെല്ലാം കണ്ട് ഞങ്ങൾക്ക് ചിരി വന്നു.

“എന്റെ അവസ്ഥ കാണുമ്പോൾ നിങ്ങൾക്ക് ചിരിയാണോ വരുന്നത്? ചിരിക്കല്ലേ ചേട്ടാ” എന്ന് അവൾ.

ഇത് കേട്ടപ്പോൾ ഞാൻ വീണ്ടും ചിരിച്ചു. അവൾ പിന്നെ മെല്ലെ എഴുനേറ്റ് പിന്നിലെ സീറ്റിലേക്ക് നടന്നു. അപ്പോഴാണ് ഞാൻ കാണുന്നത് അവൾക്ക് വലത് കൈ ഇല്ല. ചുരിദാറിന്റെ കൈ ഒഴിഞ്ഞു കിടക്കുന്നു. അതുകൊണ്ടാണ് പിന്നിലേക്ക് വീണപ്പോൾ അവൾക് സീറ്റിൽ പിടിക്കാൻ കഴിയാഞ്ഞത്.

ഞാൻ ആകെ വല്ലാതായി. ഞാൻ സമീർ ഇക്കയോട് വിവരം പറഞ്ഞു. പുള്ളിക്കും വല്ലാത്ത കുറ്റബോധം തോന്നി.
അറിയാതെ ആണെങ്കിലും ഒരാളുടെ വൈകല്യത്തെ കളിയാക്കിയത് ക്രൂരമായി പോയി.

അവൾ പറഞ്ഞ വാക്കുകളുടെ അർഥം അപ്പോഴാണ് ഞങ്ങൾക്ക് മനസിലായത്. മനസ്സിൽ എന്തോ വല്ലാത്ത ഭാരം പോലെ.

ഒന്ന് ക്ഷമ ചോദിക്കണം. ഞാൻ പിന്നിലേക്ക് നോക്കി. അവൾ ഒറ്റക്ക് ഒരു സീറ്റിൽ ഇരിക്കുകയാണ്.

പക്ഷെ രാത്രിയാണ്. ഒറ്റക്ക് യാത്ര ചെയുന്ന പെൺകുട്ടി. എന്തിന്റെ പേരിൽ ആയാലും ഞങ്ങൾ ഇവിടെ നിന്നും എഴുനേറ്റ് അവിടേക്ക് പോയി അവളോട് സംസാരിക്കുന്നത് അവളും മറ്റു യാത്രക്കാരും ഏത് രീതിയിൽ എടുക്കും എന്ന് പറയാൻ പറ്റില്ല. അവൾ എങ്ങനെ പ്രതികരിക്കും എന്നും പറയാൻ പറ്റില്ല. ആ പേടിയും കുറ്റബോധവും പേറി നിസ്സഹായരായി ഞങ്ങൾ അവിടെ ഇരുന്നു.

ഇടയ്ക്കെപ്പോഴോ വീണ്ടും ഉറങ്ങി പോയി. അപ്പോഴാണ് ആ ദൈവദൂതൻ ബസ്സിൽ കയറിയത്. നന്നായി മദ്യപിച്ച, ഉറക്കെ സംസാരിച്ച് ബസ്സിലുള്ള എല്ലാവരുടെയും ഉറക്കം കളഞ്ഞ ഒരു മഹാൻ.
അയാളോട് മിണ്ടാതിരിക്കാൻ അറിയാവുന്ന തമിഴിൽ ഒക്കെ വിരട്ടിയ ശേഷം ഷമീർ ഇക്ക പറഞ്ഞു “തമിഴ് അറിയാത്തതിന്റെ ബുദ്ധിമുട്ട് ഇപ്പോഴാണ് ആദ്യമായി അനുഭാവിക്കുന്നത്‌ എന്ന്.

ബസ്സിൽ ചെറുപ്പക്കാർ ഉണ്ട്, കുടുംബമായി വന്നവർ ഉണ്ട്. ആരും ഒന്നും പറയുന്നില്ല. അയാൾ നിർത്താതെ സംസാരിച്ചുകൊണ്ട് ഇരിക്കുകയാണ്.

അപ്പോൾ പ്രതികരിച്ചത് ആ പെൺകുട്ടി ആണ്. അവൾ നല്ല ഭാഷയിൽ അയാളോട് കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. അപ്പോൾ പിന്നെ അയാൾ അവളുടെ നേർക്കായി.

ആദ്യം അവളുടെ മതത്തിന്റെ കുറ്റം ആണെന്ന് പറഞ്ഞു. പിന്നെ അവളുടെ വളർത്തിയതിന്റെ കുഴപ്പം ആണെന്ന് അയാൾ കണ്ടെത്തി..എന്റെ കുടുംബത്തെ പെണ്ണുങ്ങൾ ഒന്നും ഇങ്ങനെ സംസാരിക്കില്ല എന്ന് പറഞ്ഞു ആ മഹൻ അഭിമാനിക്കുന്നത് കേട്ടു.(ആണുങ്ങൾ മാത്രമേ ഇങ്ങനെ ഉള്ളൂ എന്ന് അറിഞ്ഞതിൽ സന്തോഷം).

അവിടെ ഇരുന്ന ഒരു പയ്യൻ അവളെ സപ്പോർട് ചെയ്തപ്പോൾ പിന്നെ അവരെ രണ്ടുപേരെയും ചേർത്ത് അനാവശ്യം പറയാൻ തുടങ്ങി.

പൊലീസിന് പിടിച്ചു കൊടുക്കാൻ ഉള്ള എല്ലാ വകുപ്പും അയാൾ ഇതിനകം ഒപ്പിച്ചു വെച്ചിട്ടുണ്ട്. എന്നിട്ടും കണ്ടക്റ്റർ ഒന്നും ചെയ്യാതെ പഴം വിഴുങ്ങിയത് പോലെ നിൽപ്പുണ്ട്.

ഇത്രയും ആയപ്പോൾ ആ പെൺകുട്ടി ആരെയോ ഫോൺ ചെയ്തു. എന്നിട്ട് ഫോൺ കണ്ടക്റ്റർക്ക് കൊടുത്തു.
അയാൾ ഫോൺ വാങ്ങി അവിടന്ന് പറയുന്നത് കേട്ടു നിന്നു.
പിന്നെ പറഞ്ഞു “ഇറക്കി വിട്ടേക്കാം സാർ”.

അയാൾ എല്ലാവർക്കും  ഉപദ്രവകാരി ആയിരുന്നെങ്കിലും എനിക്ക് ഒരു ദൈവദൂതനായിട്ടാണ് ഭവിച്ചത്.  കാരണം അയാളുടെ വരവുകൊണ്ട് അവളുമായി സംസാരിക്കാൻ സാഹചര്യം ഉണ്ടായി.
അവളുടെ പേര് ബേനസീർ. സേലം ആണ് ഇപ്പോൾ താമസിക്കുന്ന സ്ഥലം. ഭർത്താവ് സേലത്ത് ഉണ്ട്. ഏതോ ഗവർമെന്റ് പരീക്ഷ എഴുതാൻ ചില പേപ്പറുകൾ ശെരിയാക്കാൻ വേണ്ടി മുൻപ് താമസിച്ചിരുന്ന സ്ഥലത്തു പോയിട്ട് വരികയാണ് .

നേരത്തെ കളിയാക്കി ചിരിച്ച സംഭവത്തിന് ഞാൻ സോറി പറഞ്ഞു. അവൾ വളരെ കൂൾ ആയി ചിരിച്ചുകൊണ്ട് അതൊന്നും പ്രശ്നമില്ല എന്ന് പറഞ്ഞു. അപ്പോഴാണ് മനസിലെ ഭാരം ഒഴിഞ്ഞത്.

അധികം വൈകാതെ ഒരു ടോൾ ബൂത്തിന്റെ അടുത്ത് നമ്മുടെ ‘ദൈവ ദൂതനെ’  ബസ്സിൽ നിന്നും ഇറക്കി വിട്ടു. ഉള്ളത് പറയാമല്ലോ പുള്ളി നല്ല എന്റർടൈൻമെന്റ് ആയിരുന്നു.

ആകാംഷയോടെ ഞാൻ ചോദിച്ചു “നേരത്തെ ഫോൺ ചെയ്തപ്പോൾ എന്താണ് ഉണ്ടായത്?”

അവൾ വിളിച്ചത് അവളുടെ വാപ്പയെ ആണ്. വാപ്പ കണ്ടക്ക്റ്ററോട് പറഞ്ഞു “സേലം എത്തുമ്പോൾ അയാൾ ബസ്സിൽ ഉണ്ടെങ്കിൽ അടി തനിക്കും കിട്ടും”

ഞാൻ മനസിൽ ഓർത്തു. വാപ്പ സിമ്പിൾ ആണ്, പവർഫുൾ ആണ്

Comments

Popular posts from this blog

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചിറക്

ചില മഴ ചിന്തകള്‍