അന്യന്റെ ഭാര്യ

No photo description available.



സഹതടവുകാരുമായി ഒരു യാത്രക്ക് ഇറങ്ങിയതാണ്. തടവുകാർ എന്ന് പറയുമ്പോൾ എന്നെ പോലെ തന്നെ ഓഫീസ് ക്യാബിൻ ചുവരുകൾക്കുള്ളിൽ ജീവിതം തടവിലാക്കപ്പെട്ട 40 കഴിഞ്ഞ മൂന്നുപേർ കൂടി. ജോലി ചെയ്തു മടുത്തു സ്ഥലകാല ബോധം ഇല്ലാതായ അവരുടെ ജീവിതം കണ്ടാണ് യാത്രയ്ക്ക് കൂടെ കൂട്ടിയത്. പക്ഷെ വേദനയോടെ ആ സത്യം ഞാൻ മനസിലാക്കി, ഇപ്പോഴും അവർ ജോലി ചെയ്യുകയാണ്.
കാറിനുള്ളിൽ അവരുടെ സംസാരം ഇപ്പോഴും ഓഫീസിലെ ചെറിയ ചെറിയ വിഷയങ്ങൾ ആണ്. ആ ഓഫീസിന് പുറത്ത് ആർക്കും താല്പര്യം ഇല്ലാത്ത, ആരെയും ബാധിക്കാത്ത
ചില വിഷയങ്ങൾ. അവിടം വിട്ടു പോന്നെങ്കിലും അതൊക്കെ ഇപ്പോഴും ഒരു ബാധയെപ്പോലെ കൂടെ കൂടിയിട്ടുണ്ട്.
ഇരുളിൽ മഞ്ഞ വെളിച്ചം പെയ്യുന്ന റോഡിൽ , ചലിക്കുന്ന ഒരു ഓഫീസ് കെട്ടിടം പോലെ ആ കാർ മുന്നോട്ടു നീങ്ങി.
കോടമഞ്ഞു കണ്ടപ്പോൾ ടാർഗറ്റ് മുട്ടിയില്ല എന്ന് പറയുന്നത് കേട്ടു. വെള്ളച്ചാട്ടം കണ്ടപ്പോൾ ഇന്ക്രിമെന്റ് ആയി വിഷയം. ഇപ്പോൾ മടക്ക യാത്രയിൽ അടുത്ത മീറ്റിങ് ആണ് വിഷയം.
വാഹനം ഓടിക്കുന്നത് ഞാൻ അല്ലാത്തതിനാൽ വഴിവിളക്കുകൾ പാതയിൽ വരയ്ക്കുന്ന നിഴൽ ചിത്രങ്ങളെ നോക്കി ഞാൻ ഇരുന്നു.
നിശബ്ദത ഞാൻ വല്ലാത്ത കൊതിച്ചുപോയ സമയം. എന്തിൽനിന്ന് മാറി നിൽക്കാനാണോ ഞാൻ അവധിയെടുത്ത് യാത്ര ചെയ്യുന്നത്, ആ വിഷയങ്ങൾ എന്റെ ചുറ്റും മൂന്നിരട്ടി ശക്തിയോടെ മുഴങ്ങുകയാണ്.
ഞാൻ ഭാര്യയെ കുറിച്ചോർത്തു. സാധാരണ യാത്രകളിൽ എന്റെ കൂട്ട് അവളാണ്.. ഒരുപാട് ഭീഷണിക്കും അപേക്ഷകൾക്കും ഒടുവിൽ കെഞ്ചി വാങ്ങിയ അവധിക്ക് ജോലി ഒട്ടും ചെയ്യാതെ, ഒരു കോളും എടുക്കാതെ ഞങ്ങൾ ഇങ്ങനെ പാറി നടക്കുമായിരുന്നു. ആ നിമിഷം അവൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ച ആ നിമിഷം അവളുടെ കോൾ വന്നു.
ഞങ്ങൾ സംസാരിച്ചു. എനിക്ക് എന്തോ പ്രാണവായു തിരിച്ചു കിട്ടിയ അവസ്ഥയായിരുന്നു. ഞങ്ങൾ സംസാരിച്ചു. എനിക്ക് ചുറ്റുമുള്ളവർ ജോലിക്കാര്യത്തിൽ മുഴുകി ഇരിക്കുന്നതിനാൽ ഞാൻ ഒട്ടും മറയ്ക്കാതെ ഒരു കാമുകനെ പോലെ സംസാരിച്ചു. കുട്ടികൾ അടുത്തില്ലാത്തതിനാൽ അവൾ ഒരു കാമുകിയെപോലെയും. ഞാൻ അവളോട് ഇഷ്ടമാണെന്നു പറഞ്ഞു. തിരിച്ചു വന്നയുടൻ എനിക്ക് വേണ്ടി സിന്ദൂരമണിയുന്ന ആ നെറ്റിയിൽ ചുംബിക്കാൻ കാത്തിരിക്കുകയാണ് എന്ന് പറഞ്ഞു.
കോൾ കട്ട് ചെയ്ത് തിരിഞ്ഞു നോക്കുമ്പോൾ ബാക്കി മൂന്നുപേരും എന്നെ അവജ്ഞയോടെ നോക്കുന്നു. എന്തോ അപരാധം ചെയ്ത പോലെയോ, നാണമില്ലാതെ എന്തോ പറഞ്ഞത് പോലെയോ എന്നെ പുച്ഛത്തോടെ നോക്കുന്നു..
"ഭാര്യയോട് ഇങ്ങനെ കുറുങ്ങുന്ന ആൾക്കാരുണ്ടോ, കഷ്ടം " നിശബ്ദതയെ ബേധിച്ചുകൊണ്ട് ഒരുത്തൻ ഇത് പറഞ്ഞു. അപ്പോൾ അടുത്തവൻ "ഞാനൊക്കെ ഭാര്യയോട് ഇങ്ങനെ കൊഞ്ചാൻ പോവാറില്ല. അവള് പിന്നെ തലയിൽ കയറും"
പിന്നെ അവിടെ ഒരു മത്സരം ആയിരുന്നു. ഭാര്യയോട് എത്ര അകലം പാലിക്കുന്നു, എത്ര കുറവ് സ്നേഹം കാണിക്കുന്നു എന്ന് തെളിയിക്കാൻ പരസ്പരം മത്സരിച്ചു അവസാനം എല്ലാവരും ജയിച്ചു. എന്നെ തോൽപ്പിച്ച സന്തോഷത്തിൽ എന്നെ നോക്കിയ അവരോടു ഞാൻ പറഞ്ഞു.
"വിളിച്ചത് എന്റെ ഭാര്യയല്ല, മറ്റൊരുത്തന്റെ ഭാര്യയാണ്. അവളെ ഭർത്താവ് സ്നേഹിക്കാത്തത് കൊണ്ട് ഇടയ്ക്കിടയ്ക്ക് എന്നെ വിളിക്കും"
..നിശബ്ദത..

ഞാൻ ഏറെ കാത്തിരുന്ന നിശബ്ദത..

ആ നിശബ്ദത ആസ്വദിച്ച് എന്‍റെ ഭാര്യയെക്കുറിച്ചോർത്ത് ഞാൻ നിഴൽചിത്രങ്ങൾ നോക്കി ഇരുന്നു.

Comments

Post a Comment

Popular posts from this blog

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചിറക്

ചില മഴ ചിന്തകള്‍